രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ രൂക്ഷമായ യുദ്ധം ഇവർക്കിടയിൽ ആശങ്കയായി പടര്‍ന്നു. അങ്ങനെയാണ് എല്ലാം തുടങ്ങിയ മണ്ണിലേക്ക്, കേരളത്തിലേക്ക് ഇരുവരും 2023 ൽ തിരിച്ചെത്തിയത്.

കൊല്ലം: യുദ്ധത്തെ തോൽപ്പിച്ച സ്നേഹത്തിന്‍റെ കഥയുമായി യുക്രൈൻകാരനായ സാഷയും റഷ്യക്കാരിയായ ഒള്യയും കഴിഞ്ഞ ദിവസം കേരളത്തിൽ വിവാഹിതരായി. മൂന്നു വർഷമായി യുദ്ധം തുടരുന്ന റഷ്യയ്ക്കും യുക്രൈയ്നും ഇടയില്‍ മൊട്ടിട്ട പ്രണയത്തിന് ഒടുവിൽ കേരളത്തിൽ സാഫല്യം. യുക്രൈയ്നിലെ കീവ് സ്വദേശിയായ സാഷയും റഷ്യയിലെ മോസ്കോ സ്വദേശിനിയായ ഒള്യയുമാണ് മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിൽ വിവാഹിതരായത്. അമൃതാനന്ദമയി ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു ഇരുവരും.

2019ല്‍ ആണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് സൌഹൃദം പ്രണയമായി ഒഴുകി. രാജ്യങ്ങള്‍ കെട്ടിയ അതിര്‍ത്തികളും ഭേദിച്ച് അവര്‍ സ്നേഹിച്ചു. ഇരുവരുടെയും കുടുംബങ്ങളും കീവിന്‍റെയും ഒള്യയുടെയും സ്നേഗഹം പരസ്പരം മനസിലാക്കി. പക്ഷേ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ രൂക്ഷമായ യുദ്ധം ഇവർക്കിടയിൽ ആശങ്കയായി പടര്‍ന്നു. അങ്ങനെയാണ് എല്ലാം തുടങ്ങിയ മണ്ണിലേക്ക്, കേരളത്തിലേക്ക് ഇരുവരും 2023 ൽ തിരിച്ചെത്തിയത്. ഒടുവിൽ കഴിഞ്ഞ ദിവസം അമൃതപുരിയില്‍വച്ച് ആഘോഷമായി തന്നെ ഇരുവരുടെയും വിവാഹം നടന്നു. സ്വപ്നം കണ്ട ജീവിതത്തിലേക്ക് അവര്‍ നടന്നു തുടങ്ങി.

യൂറോപ്യൻ സന്ദർശന വേളയിലാണ് രണ്ടുപേരും മാതാ അമൃതാനന്ദമയിയെ നേരിൽ കാണുന്നത്. പിന്നീട് രണ്ട് പേരും ആശ്രമത്തിലെത്തി അമൃതാനന്ദമയിയെ സന്ദർശിക്കുന്നത് പതാവായി. ഇതിനിടെയിലാണ് പരിചയം പ്രണയത്തിലേക്ക് വഴി മാറുന്നത്. 2023ൽ റഷ്യൻ–യുക്രൈയ്ൻ യുദ്ധം തീവ്രമായപ്പോഴാണ് ഇരുവരും അമൃതപുരിയിലേക്ക് തന്നെ തിരിച്ചു വന്നത്. 6 വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ 23നാണ് ഇരുവരും വിവാഹിതരാകുന്നത്.

അമൃത സർവ്വകലാശാലയില്‍ ഗവേഷക വിദ്യാർത്ഥിയാണ് സാഷ. യുദ്ധ മേഖലയിലുള്ളവർ അനുഭവിക്കുന്ന മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ കൗൺസിലിങ്ങും നടത്തുന്നുണ്ട്. ആശ്രമത്തിലെ പ്രവർത്തനങ്ങളോടൊപ്പം മനശാസ്ത്ര പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഒള്യ. റഷ്യയ്ക്കും യുക്രൈയ്നും ഇടയില്‍ സമാധാനത്തിന്‍റെ പതാക പറക്കുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. ആ ദിനത്തിനായാണ് ഇവരുടെ കാത്തിരിപ്പ്. സ്വന്തം നാട് അശാന്തമായി തുടരുന്നത് ഒരു നോവാണ്. അതുകൊണ്ട് മനുഷ്യരോട് പരസ്പരം സ്നേഹിക്കാന്‍ പറയുകയാണ് സാഷയും ഒള്യയും. യുദ്ധം ആര്‍ക്കും നേട്ടങ്ങള്‍ നല്‍കില്ലെന്ന് ഇരുവരും പറയുന്നു.

Read More : 4 വർഷത്തിൽ ബൈഡന് ചെയ്യാനാകാത്തത് ഒരാഴ്ചയിൽ ചെയ്തുകാട്ടിയെന്ന് ട്രംപ്; 12 ഫെഡറൽ നിരീക്ഷക സമിതികൾ പിരിച്ചുവിട്ടു