12 ഫെഡറൽ ഇൻസ്പെക്ടർ ജനറൽമാരുടെ സമിതികളാണ് ഒറ്റയടിക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിരിച്ചുവിട്ടത്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തി ഒരാഴ്ചയാകുമ്പോഴേക്കും നിരവധി വിവാദ തിരുമാനങ്ങളാണ് ഡോണൾഡ് ട്രംപ് കൈക്കൊണ്ടത്. കുടിയേറ്റത്തിലും വിദേശ സഹായത്തിലുമെല്ലാം കടുത്ത തീരുമാനങ്ങൾ സ്വീകരിച്ച ട്രംപ് ഇപ്പോൾ അമേരിക്കൻ ഭരണ നിർവഹണത്തിലും പൊളിച്ചെഴുത്ത് നടത്തുകയാണ്. ഇതിന്‍റെ ആദ്യ പടിയായി 12 ഫെഡറൽ നിരീക്ഷക സമിതികൾ പിരിച്ചുവിട്ടു. 12 ഫെഡറൽ ഇൻസ്പെക്ടർ ജനറൽമാരുടെ സമിതികളാണ് ഒറ്റയടിക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിരിച്ചുവിട്ടത്.

ട്രംപിൻ്റെ ഒറ്റ ഉത്തരവിൽ പ്രതിസന്ധിയിലായി ബംഗ്ലാദേശ്, എല്ലാ കരാറുകളും ഗ്രാന്‍റുകളും പദ്ധതികളും നിര്‍ത്തലാക്കി

നാലു വർഷം കൊണ്ട് ബൈഡൻ സർക്കാരിന് ചെയ്യാൻ കഴിയാത്തത് താൻ ഒരാഴ്ച കൊണ്ട് ചെയ്‌തെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് തീരുമാനം അറിയിച്ചത്. താൻ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടേ ഉള്ളൂ എന്ന പ്രഖ്യാപനവും ട്രംപ് നടത്തി. എന്നാൽ ട്രംപിന്‍റെ ഈ നടപടി ഉദ്യോഗസ്ഥരുടെ രോഷത്തിനും നിയമപരമായ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. വിമർശകർ ഇതിനെ "ചില്ലിംഗ് ശുദ്ധീകരണം" എന്നാണ് വിശേഷിപ്പിച്ചത്.

ഇത്തരം പിരിച്ചുവിടലുകൾക്ക് മുമ്പ് 30 ദിവസത്തെ നോട്ടീസ് നൽകണമെന്നാണ് നിയമമെന്നും വിമർശകർ ചൂണ്ടികാട്ടി. എന്നാൽ ഒറ്റ ദിവസത്തിലാണ് ട്രംപ് നടപടി കൈക്കൊണ്ടത്. ഇത് നിയമപരമായി തെറ്റാണെന്നാണ് വിമർശകർ പറയുന്നത്. ട്രംപിൻ്റെ ആദ്യ ടേമിലാണ് ഇപ്പോൾ പിരിച്ചുവിട്ട ഇൻസ്പെക്ടർ ജനറലുമാരിൽ മിക്കവാറുമെല്ലാവരെയും നിയമിച്ചതെന്നാണ് വിവരം.

അതിനിടെ ബംഗ്ലാദേശിൽ നിന്നും പുറത്തുവരുന്ന വാർത്ത അമേരിക്ക എല്ലാ സഹായങ്ങളും നിര്‍ത്തലാക്കിയതോടെ യൂനുസ് സർക്കാരും പ്രതിസന്ധിയിലായി എന്നതാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് (യു എസ് എ ഐ ഡി) യുടെ പരിധിയിൽ ബംഗ്ലാദേശിൽ നിലവിലുള്ള എല്ലാ കരാറുകളും ഗ്രാന്‍റുകളും പദ്ധതികളും നിര്‍ത്തലാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും 90 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങൾക്കുളള ധനസഹായം മരവിപ്പിച്ച പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപിന്‍റെ ഉത്തരവ് നടപ്പാക്കിയെന്ന് യു എസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്‍റ് വ്യക്തമാക്കി. ബംഗ്ലാദേശ് ജനതയും യുനുസ് സർക്കാരും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തൽ. ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വർഷം അമേരിക്ക മറ്റ് രാജ്യങ്ങൾക്ക് സഹായമായി നൽകുന്നത്. ബംഗ്ലാദേശിനും ഇതിൽ നിന്ന് കാര്യമായി പണം ലഭിക്കുന്നുണ്ടായിരുന്നു. ഇത് ഒറ്റയടിക്ക് നിലച്ചുപോകുന്നത് സർക്കാിന്‍റെ പ്രവർത്തനത്തെ ബാധിക്കുമെന്നുറപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം