മുഹമ്മദ് ഷേത്‌വാലയുടെ 24 വയസ്സുകാരിയായ ഭാര്യ സാദിഖാബാനു തപേലിവാല, ഇവരുടെ 2 വയസ്സ് മാത്രം പ്രായമുള്ള മകൾ ഫാത്തിമ എന്നിവരാണ് അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ടത്.
ലണ്ടൻ: എയർ ഇന്ത്യ വിമാനാപകടത്തിൽ ഭാര്യയും മകളും നഷ്ടമായ ഇന്ത്യൻ വംശജന് ബ്രിട്ടനിൽ നിന്ന് നാടുകടത്തൽ ഭീഷണിയും. ഗുജറാത്തിലെ വഡോദര സ്വദേശിയായ 28കാരനായ മുഹമ്മദ് ഷേത്‌വാല എന്ന യുവാവിന്റെ ജീവിതമാണ് 2025 ജൂൺ 12ന് എയർ ഇന്ത്യ ദുരന്തത്തിലൂടെ തകിടം മറിഞ്ഞത്. ബ്രിട്ടനിൽ ജോലി ചെയ്തുവരികയായിരുന്ന മുഹമ്മദ് ഷേത്‌വാലയുടെ 24 വയസ്സുകാരിയായ ഭാര്യ സാദിഖാബാനു തപേലിവാല, ഇവരുടെ 2 വയസ്സ് മാത്രം പ്രായമുള്ള മകൾ ഫാത്തിമ എന്നിവരാണ് അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ടത്.
വ്യക്തിപരമായ വലിയ നഷ്ടത്തിന് പുറമേ, വിസയുമായി ബന്ധപ്പെട്ട സാങ്കേതിക നിയമങ്ങൾ കാരണം അദ്ദേഹത്തിന് ഇപ്പോൾ യുകെ വിട്ടുപോകേണ്ടി വരുന്ന സാഹചര്യമാണ് മുഹമ്മദ് ഷേത്‌വാല നേരിടുന്നത്. ആശ്രിത വിസയിലോ അല്ലെങ്കിൽ കുടുംബവുമായി ബന്ധപ്പെട്ട വിസ നിയമങ്ങളിലോ ഉള്ള സങ്കീർണ്ണതകൾ കാരണം, ഭാര്യയുടെ മരണത്തോടെ മുഹമ്മദ് ഷേത്‌വാലയ്ക്ക് അവിടെ തുടരാനുള്ള നിയമപരമായ അവകാശം നഷ്ടമായെന്നാണ് ബ്രിട്ടീഷ് ഹോം ഓഫീസ് വിശദമാക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തിൽപ്പെട്ട് മാനസികമായി തകർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ബ്രിട്ടൻ വിടേണ്ടി വരുന്നതിനെതിരെ നടത്തിയ പോരാട്ടം ഫലം കാണാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഭാര്യയുടെയും കുഞ്ഞിന്റെയും വേർപാടിന്റെ ഒന്നാം വാർഷികത്തിലും ഈ ദുരന്തം എന്തുകൊണ്ടാണ് സംഭവിച്ചതെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു മറുപടിയോ അന്വേഷണ റിപ്പോർട്ടോ അധികൃതരുടെ ഭാഗത്തുനിന്ന് തനിക്ക് ലഭിച്ചിട്ടില്ലെന്ന് മുഹമ്മദ് ഷേത്‌വാല പ്രതികരിക്കുന്നത്. അധികൃതർ തങ്ങളുടെ ഫോൺ കോളുകളോ ഇമെയിലുകളോ ഗൗനിക്കുന്നില്ലെന്നും തങ്ങൾക്ക് നീതി ലഭിക്കണമെന്നും മുഹമ്മദ് ഷേത്‌വാല ആവശ്യപ്പെട്ടിരുന്നു.


