ഇന്തോനേഷ്യയിൽ സർക്കാർ നയങ്ങൾക്കെതിരെ വിദ്യാർത്ഥികളുടെ രോഷം. പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ പാഴ്ചെലവുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ജക്കാർത്ത: ഇന്തോനേഷ്യയിൽ സർക്കാർ നയങ്ങൾക്കെതിരെ തെരുവിലിറങ്ങി വിദ്യാർത്ഥികൾ. പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ ധൂർത്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി തലസ്ഥാനമായ ജക്കാർത്തയിലെ തെരുവുകൾ കീഴടക്കി. സർക്കാർ നടപ്പാക്കിയ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയടക്കം നിർത്തലാക്കണെമന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്ധനവില വർധിച്ചതിനെതിരെയും രോഷം ഉയർന്നു.
രാജ്യത്തെ ഭരണപരമായ പാളിച്ചകളെച്ചൊല്ലി മാസങ്ങളായി നിലനിൽക്കുന്ന പൊതുജനരോഷത്തിനിടയിലാണ് വെള്ളിയാഴ്ച പ്രതിഷേധം അരങ്ങേറിയത്. ജക്കാർത്തയിലെ ഹോട്ടൽ ഇന്തോനേഷ്യ റൗണ്ടബോട്ട് ഭാഗത്തേക്ക് വന്ന മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാനും പ്രതിഷേധക്കാർ ശ്രമം നടത്തി. ചിലർ പൊലീസുകാർക്ക് നേരെ സാമഗ്രികൾ വലിച്ചെറിയുകയും ചെയ്തു. വൈകുന്നേരത്തോടെ ഒരു ഭാഗം പ്രതിഷേധക്കാർ പിരിഞ്ഞുപോയെങ്കിലും ആൾക്കൂട്ടം തുടരുന്നുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇന്ധനവില കുതിക്കുകയാണെന്നും ജീവിക്കാൻ പാടുപെടുകയാണെന്നും ഒരു കോളേജ് വിദ്യാർത്ഥി പൊലീസുകാർക്ക് നേരെ ആക്രോശിച്ചു. "നിങ്ങൾ എന്തിനാണ് വിദ്യാർത്ഥികളുടെ ശബ്ദത്തെ ഭയപ്പെടുന്നത്? പ്രതിഷേധങ്ങൾ ഭരണഘടന ഉറപ്പുനൽകുന്നതാണെന്ന് അവർ പറയുന്നുണ്ടല്ലോ? എന്നാൽ ഇന്ന് അത് സംഭവിക്കുന്നില്ല"- വിദ്യാർത്ഥി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.
അഞ്ച് ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് ഇന്തോനേഷ്യ സർവകലാശാലയിലെ വിദ്യാർത്ഥി നേതാവ് റോയിറ്റേഴ്സിനോട് പറഞ്ഞു. പ്രസിഡന്റിൻ്റെ പ്രധാന പദ്ധതികളായ സൗജന്യ ഭക്ഷണപദ്ധതിയും വില്ലേജ് കോഓപ്പറേറ്റീവ് പ്രോഗ്രാമും റദ്ദാക്കുക, ഇന്ധനത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയ്ക്കുക, ധൂർത്ത് അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെയാണ് മറ്റൊരു പ്രതിഷേധത്തിന് കൂടി ഇന്തോനേഷ്യ വേദിയാകുന്നത്. ഈ ആഴ്ച ആദ്യമാണ് ഇന്ധനവിലയിൽ 30 ശതമാനത്തിലധികം വർധനവ് വരുത്തിയത്. സൗജന്യ ഉച്ചഭക്ഷണം കഴിച്ച നിരവധി കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത് സർക്കാരിന് നാണക്കേടായിരുന്നു. ഇതേ തുടർന്ന് പദ്ധതിക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു.
