അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഇരുരാജ്യങ്ങളും ഒപ്പുവെക്കാനിരിക്കുന്ന 14 ഇന ധാരണാപത്രത്തിന്റെ കരട് രേഖ.

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഇരുരാജ്യങ്ങളും ഒപ്പുവെക്കാനിരിക്കുന്ന 14 ഇന ധാരണാപത്രത്തിന്റെ കരട് രേഖ യുഎസ് ചാനലായ സിഎന്‍എന്‍ (ആണ് പുറത്തുവിട്ടത്. യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നല്‍കുക എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍. തങ്ങള്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ കരാറില്‍ പറയുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഔദ്യോഗികമായി പുറത്തുവിടാത്ത ഈ രേഖ ഒരു യുഎസ് ഉദ്യോഗസ്ഥനില്‍ നിന്നാണ് ലഭിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആഴ്ച ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ ഈ രേഖ നേരിട്ട് കണ്ട ഒരു നയതന്ത്രജ്ഞനും, ചര്‍ച്ചകളില്‍ പങ്കാളികളായ മറ്റ് രണ്ട് നയതന്ത്ര വൃത്തങ്ങളും ഇതിലെ വിവരങ്ങള്‍ ശരിവെച്ചിട്ടുണ്ട്.

കരാര്‍ പ്രകാരം ഇറാനെ തങ്ങളുടെ എണ്ണയും പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ യുഎസ് അനുവദിക്കും. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയാണെങ്കില്‍, യുഎസും സഖ്യകക്ഷികളും രൂപീകരിക്കുന്ന 300 ബില്യണ്‍ ഡോളറിന്റെ വികസന ഫണ്ട് ഉപയോഗപ്പെടുത്താന്‍ ഇറാന് സാധിക്കും. എന്നാല്‍, ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം എന്തുചെയ്യണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഈ കരട് രേഖയിലില്ല.

കഴിഞ്ഞ ഞായറാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് എന്നിവര്‍ ഡിജിറ്റലായി ഒപ്പുവെച്ച കരാറിലെ വിവരങ്ങളാണ് ഈ കരടിലുള്ളത്. വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകേണ്ട തിരുത്തലുകള്‍ക്ക് ശേഷം അന്തിമ രേഖയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, ഇത് രാഷ്ട്രീയ രേഖ മാത്രമാണെന്നും, ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ രഹസ്യമായി നടത്തിയ മറ്റ് നിര്‍ണ്ണായക ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. എന്നാല്‍, പുറത്തുവന്ന കരട് രേഖ കൃത്യമല്ലെന്നാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'തസ്‌നിം' വ്യക്തമാക്കിയത്.

വെള്ളിയാഴ്ച ധാരണാപത്രം ഒപ്പുവെക്കുന്നതോടെ, അന്തിമ കരാറിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും 60 ദിവസത്തെ സമയം ലഭിക്കും.

വ്യവസ്ഥകള്‍ ഇങ്ങനെ

1. ഈ ധാരണാപത്രം ഒപ്പുവെക്കുന്നതോടെ ലബനന്‍ ഉള്‍പ്പെടെ എല്ലാ മുന്നണികളിലും ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കും. ഇരുരാജ്യങ്ങളും ഇനിമുതല്‍ ശത്രുതാപരമായ നടപടികളോ ഭീഷണികളോ സൈനിക ശക്തിയോ പ്രയോഗിക്കില്ലെന്ന് ഉറപ്പുനല്‍കുന്നു.

2. ഇരുരാജ്യങ്ങളും പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കാനും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാനും ബാധ്യസ്ഥരായിരിക്കും.

3. ഇരുപക്ഷവും പരസ്പര സമ്മതത്തോടെ ഈ ധാരണാപത്രത്തില്‍ പരമാവധി 60 ദിവസത്തിനകം അന്തിമ കരാറിലെത്തണം. ആവശ്യമാണെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ഈ കാലാവധി നീട്ടാം.

4. ധാരണാപത്രം ഒപ്പിട്ടാലുടന്‍ യുഎസ് നാവിക ഉപരോധം പിന്‍വലിക്കും. ഇറാന്റെ കപ്പല്‍ ഗതാഗതത്തിന് മേലുള്ള തടസ്സങ്ങള്‍ പരമാവധി 30 ദിവസത്തിനുള്ളില്‍ നീക്കി യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് മാറ്റും. അന്തിമ കരാര്‍ ഒപ്പിട്ട് 30 ദിവസത്തിനുള്ളില്‍ പ്രദേശത്തുനിന്ന് യുഎസ് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കും.

5. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് ഒമാന്‍ ഉള്‍ക്കടലിലേക്കും തിരിച്ചുമുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം 30 ദിവസത്തിനകം യുദ്ധത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് പുനരാരംഭിക്കാന്‍ ഇറാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും. കടല്‍പ്പാതയിലെ സാങ്കേതിക തടസ്സങ്ങള്‍ നീക്കുന്നതിനും മൈനുകള്‍ നിര്‍വീര്യമാക്കുന്നതിനും ഇറാന്‍ മേല്‍നോട്ടം വഹിക്കും.

6. ഇറാന്റെ സാമ്പത്തിക വികസനത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി കുറഞ്ഞത് 30,000 കോടി ഡോളര്‍ ധനസഹായം ഉറപ്പാക്കുന്ന സമഗ്രമായ പദ്ധതി യുഎസും അതിന്റെ പ്രാദേശിക പങ്കാളികളും ചേര്‍ന്ന് തയ്യാറാക്കും. ഇതിന്റെ നടത്തിപ്പ് ചുമതലകള്‍ 60 ദിവസത്തിനകം രൂപീകരിക്കും.

7. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി എന്നിവയുടെ പ്രമേയങ്ങളും യുഎസിന്റെ ഏകപക്ഷീയമായ ഉപരോധങ്ങളും ഉള്‍പ്പെടെ ഇറാന്‍ നേരിടുന്ന എല്ലാത്തരം ഉപരോധങ്ങളും ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ യുഎസ് പ്രതിബദ്ധമാണ്.

8. തങ്ങള്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച ആണവ സാമഗ്രികളുടെ ഭാവിയെക്കുറിച്ചും മറ്റ് ആണവ ആവശ്യങ്ങളെക്കുറിച്ചും അന്തിമ കരാറില്‍ കൃത്യമായ പരിഹാരം കാണും.

9. അന്തിമ കരാര്‍ ഉണ്ടാകുന്നതുവരെ നിലവിലെ അവസ്ഥ ഇരുപക്ഷവും നിലനിര്‍ത്തും. ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ വിപുലീകരിക്കില്ല; യുഎസ് ഇറാനുമേല്‍ പുതിയ ഉപരോധങ്ങള്‍ ചുമത്തുകയോ മേഖലയില്‍ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുകയോ ഇല്ല.

10. ഉപരോധങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നതുവരെയുള്ള ഇടക്കാലയളവില്‍ ഇറാന്റെ ക്രൂഡ് ഓയില്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കും ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഗതാഗതം എന്നിവയ്ക്കും യുഎസ് ട്രഷറി വകുപ്പ് ഉടനടി ഇളവുകള്‍ അനുവദിക്കും.

11. അന്തിമ കരാറിലേക്കുള്ള ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്തി, അന്താരാഷ്ട്ര ബാങ്കുകളില്‍ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ഫണ്ടുകളും ആസ്തികളും പൂര്‍ണ്ണമായി വിട്ടുകൊടുക്കും. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇറാന്റെ നിര്‍ദ്ദേശപ്രകാരം ഈ തുക വികസന ആവശ്യങ്ങള്‍ക്കായി പൂര്‍ണ്ണമായും ഉപയോഗിക്കാം.

12. അന്തിമ കരാറിന്റെ വിജയകരമായ നടത്തിപ്പും ഭാവിയിലെ പ്രതിബദ്ധതകളും നിരീക്ഷിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ ഒരു പ്രത്യേകനിരീക്ഷണ സംവിധാനം സ്ഥാപിക്കും.

13. ഈ ധാരണാപത്രത്തിലെ 4, 5, 10, 11 എന്നീ വകുപ്പുകളുടെ (കപ്പല്‍ ഗതാഗതം, ഇളവുകള്‍, ഫണ്ട് റിലീസ്) നടത്തിപ്പ് ഉറപ്പാക്കിയ ശേഷം, ബാക്കിയുള്ള വകുപ്പുകളില്‍ മാത്രമായി ഇരുരാജ്യങ്ങളും അന്തിമ ചര്‍ച്ചകളിലേക്ക് കടക്കും.

14. ഇരുരാജ്യങ്ങളും തമ്മിലുണ്ടാകുന്ന അന്തിമ സമാധാന കരാര്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ ബൈന്‍ഡിംഗ് പ്രമേയത്തിലൂടെ നിയമപരമായി അംഗീകരിച്ച് നടപ്പിലാക്കും.