വാഷിങ്ടൺ: അന്യ​ഗ്രഹ ജീവികൾ ഭൂമിയിൽ വന്ന് പോകാറുണ്ടെന്ന കെട്ടുകഥയ്ക്ക് ഇടയ്ക്ക് നമ്മൾ ചെവി കൊടുക്കാറുണ്ട്. ജീവിതത്തിൽ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അന്യ​ഗ്രഹ ജീവികളെ സിനിമകളിൽ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുതവണയെങ്കിലും അവയെ നേരിട്ടൊന്ന് കാണണമെന്ന് ആ​ഗ്രഹിക്കാത്തവർ വിരളമാണ്. എന്നാൽ അവയെ കാണാൻ തയ്യാറായികൊള്ളു.

അമേരിക്കയിലെ ഒരു വീട്ടിലെ സിസിടിവിയിലാണ് അന്യ​ഗ്രഹ ജീവിയെന്ന് തോന്നിക്കുന്ന രൂപത്തിലുള്ള ഒരു ജീവി ഓടിനടക്കുന്നത് കണ്ടത്. സിനിമയിൽ കണ്ടതുപോലെയുള്ള മെലിഞ്ഞ ശരീരവും നീണ്ട ചെവികളും വളഞ്ഞ കാലുകളും ആയിരുന്നു ആ ജീവിയുടേതും. എന്നാൽ അത് അന്യ​ഗ്രഹ ജീവിയാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വിവിയാൻ ​ഗോമസ് എന്ന യുവതിയാണ് തന്റെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ് ജീവിയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. ”ഞായറാഴ്ച രാവിലെ ഉറക്കമെഴുന്നേറ്റ് ക്യാമറയിൽ നോക്കിയപ്പോഴാണ് ഞാൻ ഈ ദൃശ്യങ്ങൾ കാണുന്നത്. ആദ്യം വീടിന്റെ മുൻവാതിലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന നിഴലാണ് ശ്രദ്ധിച്ചത്, പിന്നാലെയാണ് അത്‍ഭുത ജീവി നടന്നുവന്നത്. മറ്റു രണ്ടു ക്യാമറകളിൽ എന്തോ കാരണത്താൽ ഈ ദൃശ്യം പതിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും വീട്ടിലെ ക്യാമറയിൽ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നു അറിയില്ല,” എന്ന കുറിപ്പോടെയായിരുന്നു വിവിയൻ ഗോമസ് വീഡിയോ പങ്കുവച്ചത്. 

പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുളളിലാണ് വീഡിയോ വൈറലായത്. 92 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 140,336 ഷെയറും 42 ആയിരം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് എന്താണെന്ന് കണ്ടെത്താനുള്ള തിരച്ചിലിലാണ് സോഷ്യൽമീഡിയ. ബോളിവുഡ് ചിത്രം ഹാരിപോട്ടറിൽ മാത്രം കണ്ടുവരുന്ന ജീവിയാണിതെന്ന് ഒരുകൂട്ടർ പറയുമ്പോൾ ഇതൊരു അന്യഗ്രഹ ജീവിയെന്നാണ് അഭിപ്രായപ്പെടുന്നവരും ഉണ്ട്.