Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചനം ഈയാഴ്ച; ലഭിക്കുന്ന സ്വത്തിന്‍റെ പകുതി ജീവകാരുണ്യത്തിന്

ലഭിക്കുന്ന സ്വത്തുകളുടെ പകുതി ബില്‍ഗേറ്റ്സും വാറന്‍ ബഫറ്റും നടത്തുന്ന ജീവകാരുണ്യ സംഘടനക്ക് സംഭാവന നല്‍കുമെന്ന് മക്കെന്‍സി അറിയിച്ചു. മക്കെന്‍സിയുടെ തീരുമാനത്തെ ജെഫ് ബെസോസ് സ്വാഗതം ചെയ്തു.

amazon founder wife macKenzy get 38 billion dollar in divorce settlement
Author
Washington, First Published Jul 2, 2019, 5:49 PM IST

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും 'ചെലവേറിയ' വിവാഹമോചന നടപടികള്‍ ഈ ആഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും ഭാര്യ മക്കെന്‍സിയും തമ്മിലുള്ള വിവാഹ മോചന നടപടികളാണ് പൂര്‍ത്തിയാകുന്നത്. വിവാഹ മോചിതരാകുമ്പോള്‍ ജെഫ് ബെസോസ് നിയമപരമായി മക്കെന്‍സിക്ക് നല്‍കാനുള്ള സ്വത്തുവകകളുടെ കൈമാറ്റമാണ് ഈ ആഴ്ച പൂര്‍ത്തിയാകുക.

സ്വത്ത് വീതം വെക്കുമ്പോള്‍ 2.42 ലക്ഷം കോടി രൂപയാണ് മക്കെന്‍സിക്ക് ലഭിക്കുക. ഇതോടെ ലോകത്തിലെ സമ്പന്നരായ വനിതകളുടെ പട്ടികയില്‍ മക്കെന്‍സി നാലാമതെത്തിയിരുന്നു. ഏപ്രിലിലാണ് വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തത്. ലഭിക്കുന്ന സ്വത്തുകളുടെ പകുതി ബില്‍ഗേറ്റ്സും വാറന്‍ ബഫറ്റും നടത്തുന്ന ജീവകാരുണ്യ സംഘടനക്ക് സംഭാവന നല്‍കുമെന്ന് മക്കെന്‍സി അറിയിച്ചു. മക്കെന്‍സിയുടെ തീരുമാനത്തെ ജെഫ് ബെസോസ് സ്വാഗതം ചെയ്തു. സ്വത്തുക്കള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനുള്ള മക്കെന്‍സിയുടെ തീരുമാനത്തെ അഭിമാനത്തോടെ കാണുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇരുവരുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ 35,00 കോടി ഡോളര്‍(2.42 ലക്ഷം കോടി) മൂല്യമുള്ള ഓഹരികള്‍ ബെസോസ് മക്കെന്‍സിക്ക് നല്‍കണമെന്നാണ് ധാരണ. ആമസോണിന്‍റെ 16.3 ശതമാനം ഓഹരികളാണ് ബെസോസിന്‍റെ പക്കലുള്ളത്. ഇതില്‍ നാലുശതമാനമാണ് മക്കെന്‍സിക്ക് ലഭിക്കുക. ഇരുവരുടെയും ഉടമസ്ഥതയിലുള്ള യുഎസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്, ബഹിരാകാശ പരീക്ഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്‍ എന്നിവയില്‍ തനിക്കുള്ള മുഴുവന്‍ ഓഹരികളും ബെസോസിന് വിട്ടുനല്‍കുമെന്ന് മക്കെന്‍സിയും വ്യക്തമാക്കി.

ആമസോണിന്‍റെ 12 ശതമാനം ഓഹരി സ്വന്തമായുള്ള ബെസോസ് ലോകത്തിലെ അതിസമ്പന്നനായി തന്നെ തുടരും. 89,00 കോടി ഡോളറിന്‍റെ ആസ്തിയാണ് ആമസോണിനുള്ളത്. 1993-ലാണ് ബെസോസും എഴുത്തുകാരിയായ മക്കെന്‍സിയും വിവാഹിതരായത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. 1994-ലാണ് ഇരുവരും ചേര്‍ന്ന് യുഎസിലെ സിയാറ്റിലില്‍ ആമസോണ്‍ സ്ഥാപിച്ചത്. 

Follow Us:
Download App:
  • android
  • ios