ലണ്ടൻ: മഹാരാഷ്ട്ര സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ലണ്ടനിലുള്ള ഡോ ബിആർ അംബേദ്‌കറുടെ സ്മാരകം അടച്ചുപൂട്ടൽ ഭീഷണിയിൽ. ഇവിടെ പ്രവർത്തിക്കുന്ന മ്യൂസിയത്തിന് പ്രാദേശിക ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഇത്. 

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ വിദ്യാർത്ഥിയായിരിക്കെ അംബേദ്‌കർ താമസിച്ചിരുന്ന സ്ഥലമാണിത്. 1921-22 കാലത്തായിരുന്നു ഇത്. 10 കിംഗ് ഹെൻറിസ് റോഡിലുള്ള 2550 ചതുരശ്ര അടി വിസ്തൃതിയുള്ള നാല് നില കെട്ടിടമാണിത്. മഹാരാഷ്ട്ര സർക്കാർ 3.1 ദശലക്ഷം പൗണ്ട് ചിലവഴിച്ച് വാങ്ങിയ കെട്ടിടം 2015 നവംബർ മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്.

കെട്ടിടം മ്യൂസിയമാക്കി നിലനിർത്താനാവില്ലെന്നും ഇവിടം താമസസ്ഥലമാക്കി ഉപയോഗിക്കാമെന്നുമാണ് പ്രാദേശിക ഭരണസമിതി ഉത്തരവിട്ടിരിക്കുന്നത്. മ്യൂസിയമാക്കിയ കെട്ടിടത്തിൽ നിലവിൽ താമസസൗകര്യവുമുണ്ട്. ഇങ്ങനെയുള്ള കെട്ടിടത്തിന് മ്യൂസിയം ലൈസൻസ് നൽകാനാവില്ലെന്നാണ് സമിതിയുടെ നിലപാട്. അതേസമയം മറ്റൊരു കെട്ടിടം കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിച്ചതുമില്ലെന്നാണ് വിവരം.

മ്യൂസിയമാക്കിയ കെട്ടിടത്തിലേക്ക് താമസക്കാർക്കൊപ്പം നിരവധി പേർ വരുന്നെന്നും ഇവർ ബഹളമുണ്ടാക്കുന്നുവെന്നും അയൽവാസികൾ പരാതിപ്പെട്ടിരുന്നു. 

അംബേദ്‌കറിന്റെ കിടപ്പുമുറി പുന:ക്രമീകരിച്ച ശേഷം ഈ കെട്ടിടത്തിനകത്ത് ഇദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലാണെങ്കിലും ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് ഇന്ത്യൻ എംബസിയാണ്.