ഡ്രോണ്‍ ആക്രമണം നടത്തിയതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്‍റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. 

വാഷിംഗ്ടണ്‍: കാബൂൾ വിമാനത്താവളത്തിലെ ചാവേർ ആക്രമണത്തിന്റെ സൂത്രധാരനായ ഐഎസ് ഭീകരനെ വധിച്ചതായി അമേരിക്ക. കിഴക്കൻ അഫ്ഗാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഖൊറാസൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്മാരിൽ ഒരാളെ വധിച്ചത്. ഭീകരരുടെ ശക്തി കേന്ദ്രമായ നൻഗർ പ്രവിശ്യയിലാണ് അമേരിക്ക ഡ്രോൺ ആക്രമണം നടത്തിയത്. കാറിൽ അനുയായിക്കൊപ്പം സഞ്ചരിക്കുമ്പോൾ ബോംബിട്ട് കൊല്ലുകയായിരുന്നു. കാബൂൾ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലാണ് സൂത്രധാരനെ തന്നെ വധിച്ചത്. 

കഴിഞ്ഞ 10 വഷത്തിനിടെ അമേരിക്കയ്ക്ക് അഫ്ഗാനിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കാബൂൾ ആക്രമണം. കാബൂൾ വിമാനത്താവളത്തിലേക്ക് എത്തുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോട് അമേരിക്ക ആവർത്തിച്ചു. അതേസമയം കാബൂൾ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 173 ആയി. രണ്ട് ബ്രിട്ടീഷ് പൗരന്മാരും കൊല്ലപ്പെട്ടവരിലുണ്ട്. വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും ഒരു ചാവേർ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്‍റഗണ്‍ ആവർത്തിച്ചു. വിമാനത്താവളത്തിന് പുറത്ത് ആയുധമേന്തിയ താലിബാൻകാർ സുരക്ഷ കൂട്ടിയെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ വിമാനത്താവളത്തിന്‍റെ സുരക്ഷ താലിബാൻ ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.

നാറ്റോ അംഗരാജ്യങ്ങളിൽ പലരും കാബൂളിൽ നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിച്ചു. എന്നാൽ അനുവദിക്കപ്പെട്ട അവസാന നിമിഷം വരെ രക്ഷാദൗത്യം തുടരുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. 5000ത്തോളം ആളുകളെ അമേരിക്കയ്ക്ക് ഇനിയും ഒഴിപ്പിക്കാനുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.