തീരുവ നടപടികൾ അമേരിക്കയിൽ നിത്യോപയോഗ സാധനങ്ങളുടെയടക്കം വില വർധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ
ദില്ലി: ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ തീരുവകളിൽ നിന്ന് വൻ വരുമാനം പ്രതീക്ഷിച്ച് അമേരിക്ക. കഴിഞ്ഞ അഞ്ചു മാസത്തിൽ ലഭിച്ചത് 100 ബില്യൻ ഡോളറിന്റെ വരുമാനമാണ്. എന്നാൽ തീരുവ നടപടികൾ അമേരിക്കയിൽ നിത്യോപയോഗ സാധനങ്ങളുടെയടക്കം വില വർധിക്കുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.
തീരുവ വിഷയത്തിൽ പരമാധികാരം സംരക്ഷിച്ചേ നിലപാട് സ്വീകരിക്കൂ എന്ന് ഇന്ത്യന്‍ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളുമായുള്ള ബന്ധം യുഎസ് നിർദേശിക്കും പോലെ തീരുമാനിക്കാനാവില്ലെന്നാണ് നിലപാട്. സംയമനത്തോടെ സ്ഥിതി കൈകാര്യം ചെയ്യാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോൾ പ്രഖ്യാപിച്ച തീരുവയിൽ ഒത്തുതീർപ്പിനില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നിലപാട്.
ട്രംപിന്‍റെ തീരുവ ഭീഷണി നേരിടാൻ ഇന്ത്യയും ബ്രസീലും ഒന്നിച്ചു നില്ക്കുമെന്ന് ബ്രസീൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏകപക്ഷീയ തീരുവയെക്കുറിച്ച് ചർച്ച നടത്തിയെന്ന് ബ്രസീൽ പ്രസിഡന്‍റ് ലുല ദ സിൽവ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഒരു മണിക്കൂർ നീണ്ടു നിന്ന സംഭാഷണമാണ് രണ്ടു നേതാക്കളും നടത്തിയത്. തീരുവ സമ്മർദ്ദം നേരിടാനുള്ള വഴികൾ ബ്രിക്സ് രാജ്യങ്ങൾ കൂട്ടായി ആലോചിച്ചേക്കും. ലുല ദ സിൽവയും മോദിയുമായുള്ള ചർച്ചയെക്കുറിച്ചുള്ള വാർത്താക്കുറിപ്പിൽ തീരുവ സംബന്ധിച്ച പരാമർശം ഇന്ത്യ ഒഴിവാക്കിയിരുന്നു. കർഷക താല്പര്യം സംരക്ഷിക്കാൻ എന്തുവിലയും നല്കാൻ തയ്യാറെന്നായിരുന്നു പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.

