ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതിന് പിന്നാലെ ജലപാതയിലെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ വിന്യസിക്കണമെന്ന യുഎസ് ആവശ്യത്തെ നാറ്റോ സഖ്യകക്ഷികൾ നിരസിച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

ലണ്ടൻ: നാറ്റോ (നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ- NATO) വെറും കടലാസ് പുലിയാണെന്നും സഖ്യത്തിൽ നിന്നും അമേരിക്ക പുറത്ത് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടിക്ക് സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് ഈ കാര്യം ആലോചിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് റ്റോയിൽ നിന്ന് അമേരിക്കയെ പിൻവലിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയത്. നാറ്റോ സഖ്യം ഒരു 'കടലാസ് പുലി' മാത്രമാണെന്നും ട്രംപ് വിശേഷിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതിന് പിന്നാലെ ജലപാതയിലെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ വിന്യസിക്കണമെന്ന യുഎസ് ആവശ്യത്തെ നാറ്റോ സഖ്യകക്ഷികൾ നിരസിച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇറാനെതിരായ സൈനിക നടപടിയെ സഖ്യം പിന്തുണച്ചില്ല. യുദ്ധത്തിന് ശേഷം സഖ്യത്തിലെ യുഎസ് അംഗത്വത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് 'ഞാൻ ഒരിക്കലും നാറ്റോയാൽ സ്വാധീനിക്കപ്പെട്ടിട്ടില്ല. അവരൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, റഷ്യൻ പ്രസിഡന്‍റ് പുടിനും അതറിയാം ' എന്നായിരുന്നു ട്രംപിന്റെ മറുപടി. നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

അതേസമയം ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്‍റെ രാജ്യത്തോടുള്ള അഭിസംബോധന നാളെ നടക്കും. വ്യാഴാഴ്ച 9 മണിക്ക് പ്രസിഡന്റ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാൻ വിഷയമാണ് സംസാരിക്കുകയെന്ന് വൈറ്റ്ഹൗസ് പ്രഖ്യാപിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലെവിറ്റാണ് എക്സ് പോസ്റ്റിലൂടെ വിവരം അറിയിച്ചത്. ഇറാനുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒരു വിവരം പങ്കുവയ്ക്കുമെന്നാണ് കുറിപ്പിൽ പറയുന്നത്. ഇറാനെതിരായ ആക്രമണം രണ്ടാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് ട്രംപ് ജനങ്ങളോട് സംസാരിക്കുന്നത്.