ദില്ലി: ചാരവിമാനം വെടിവെച്ചിട്ടതിന് പകരം ഇറാനെതിരെ സൈബർ ആക്രമണവുമായി അമേരിക്ക. ഇറാന്‍റെ മിസൈൽ നിയന്ത്രണ സംവിധാനവും ചാരശൃംഖലയും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ സൈബർ ആക്രമണം. സൈബര്‍ ആക്രമണത്തില്‍ ഇറാനിലെ കമ്പ്യൂട്ടർ സംവിധാനം തകരാറിലാക്കുകയും മിസൈൽ, റോക്കറ്റ് വിക്ഷേപണ ശേഷിയെ ബാധിക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

എന്നാൽ ഇക്കാര്യം ഇറാൻ നിഷേധിച്ചു. അതിനിടെ അമേരിക്കയുടെ ആളില്ലാ വിമാനം അതിർത്തി ലംഘിച്ചതിന്‍റെ വിശദാംശങ്ങൾ ഇറാൻ പുറത്തുവിട്ടു. യുഎസ്  ഇറാൻ സംഘർഷത്തെ തുടർന്ന് പേർഷ്യൻ ഗൾഫ് മേഖലയിലൂടെയുള്ള ആകാശപാത ഉപയോഗിക്കുന്നതിൽ മിക്ക വിമാനകമ്പനികളും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇറാൻ വ്യോമാതിർത്തി വഴിയുള്ള എല്ലാ വിമാനസർവ്വീസുകളും ഇന്ത്യയും റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ഇറാൻ വ്യോമാതിർത്തിയുടെ ഭാഗങ്ങൾ ഒഴിവാക്കി യാത്രാമാർഗ്ഗത്തിൽ മാറ്റം വരുത്താൻ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു.