ഷിൻജാങ് പ്രവിശ്യയിലെ ഉയ്ഗർ മുസ്ലിംകൾക്കെതിരെ ചൈനീസ് ഗവൺമെന്റ് നടത്തുന്ന അടിച്ചമർത്തലുകൾക്കും വംശീയസ്വഭാവമുള്ള പീഡനങ്ങൾക്കും എതിരെ സമ്മർദ്ദം ബലപ്പെടുത്തുന്നതിന്റെ ഭാഗമായി, ഈ പ്രവിശ്യയിൽ നിന്ന് ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യപ്പെടുന്ന പരുത്തി, തക്കാളി എന്നീ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തുമെന്ന് അമേരിക്ക.  അമേരിക്കൻ കസ്റ്റംസ് കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാർത്താ ഏജൻസി ആയ റോയിട്ടേഴ്‌സ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

നിർബന്ധിത അടിമപ്പണിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന/നിർമിക്കപ്പെടുന്ന ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സംവിധാനത്തിന്റെ അടിസ്ഥാന പ്രവർത്തന തത്വത്തിന്റെ ആധാരത്തിലാണ് തങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളത് എന്ന് അധികാരികൾ പറഞ്ഞു. 

ഉയ്ഗർ മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള ഷിൻജാങ് പ്രവിശ്യയിൽ ചൈനീസ് ഗവൺമെന്റ് നിർബന്ധിതമായി റീ-എജുക്കേഷൻ ക്യാംപുകളിൽ പിടിച്ചു കൊണ്ടുപോയി പാർപ്പിച്ചിട്ടുള്ളത് പത്തുലക്ഷത്തിൽ അധികം ഉയ്ഗർ വംശജരെ ആണ്. അവരിൽ പലരെയും നിർബന്ധിച്ച് ഷിൻജാങ്ങിലെ പരുത്തിപ്പാടങ്ങളിൽ അടിമപ്പണിക്ക് നിയോഗിക്കുന്നുണ്ട് എന്ന ആക്ഷേപം കഴിഞ്ഞ കുറെ കാലമായി അന്താരാഷ്ട്ര സമൂഹത്തിൽ സജീവമാണ്. ഇത്തരത്തിൽ അടിമപ്പണി എടുപ്പിക്കുന്നു, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു എന്നീ കാരണങ്ങൾ പറഞ്ഞ് ഇതിനു മുമ്പ്, 2018 -ൽ തുർക്ക്മെനിസ്ഥാനിൽ നിന്നുള്ള പരുത്തിയും, 2019 -ൽ കോംഗോയിൽ നിന്നുള്ള സ്വർണ്ണവും ഒക്കെ നിരോധിച്ച ചരിത്രമുണ്ട് അമേരിക്കയ്ക്ക്. അമേരിക്കയ്ക്ക് പുറമെ, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളും ഉയ്ഗർ ജനതയോടുള്ള വംശീയ വിവേചനങ്ങളുടെ പേരിൽ ചൈനയ്‌ക്കെതിരെ ഇത്തരത്തിലുള്ള സമ്മർദ്ദ നടപടികളിലേക്ക് നീങ്ങും എന്നതിന്റെ സൂചന നൽകിയിരുന്നു. 

ചൈനയുടെ വടക്കു കിഴക്കുള്ള ഷിൻജാങ് പ്രവിശ്യ ലോകവിപണിയിലെ തന്നെ പരുത്തിയുടെ മുഖ്യ ഉത്പാദനകേന്ദ്രങ്ങളിൽ ഒന്നാണ്. അമേരിക്കയിലേക്കുള്ള പരുത്തി ഇറക്കുമതിയുടെ നല്ലൊരു ശതമാനവും ഇതേ പ്രവിശ്യയിൽ നിന്നാണ് എന്നത് ആഗോള തുണി വിപണിയിൽ തന്നെ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു തീരുമാനമായി അമേരിക്ക ഏർപ്പെടുത്തുന്ന ഈ വിലക്കിനെ മാറ്റും എന്നത് നിശ്ചയമാണ്. 

എന്നാൽ ഇങ്ങനെ ഒരു നിരോധനം കൊണ്ട് മാത്രം അമേരിക്കൻ, യൂറോപ്യൻ വിപണികളിലേക്ക് ഈ പരുത്തികൊണ്ട് നിർമിക്കുന്ന തുണിയുത്പന്നങ്ങളുടെ കടന്നുവരവ് തടയാൻ സാധിക്കില്ല എന്ന ആശങ്കയും ചിലർ പ്രകടിപ്പിക്കുകയുണ്ടായി. വസ്ത്ര നിർമ്മാണരംഗത്തെ പ്രമുഖ രാജ്യങ്ങളായ ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയവ, അവർ ഉപയോഗിക്കുന്ന പരുത്തിയുടെ കാര്യത്തിൽ ഇത്തരത്തിലുള്ള ഒരു നിഷ്ഠയും പുലർത്താത്തിടത്തോളം അമേരിക്കയുടെ ഈ വിലക്ക് ഫലം ചെയ്യില്ലെന്നാണ് അവരുടെ അഭിപ്രായം.