ന്യൂയോർക്ക്: ഉപഗ്രഹങ്ങളുടെ ആശയവിനിമയം തടയാനും താത്ക്കാലികമായി നിര്‍വ്വീര്യമാക്കാനും കഴിവുള്ള ഉപകരണമായ സാറ്റലൈറ്റ് ജാമര്‍ വികസിപ്പിച്ച് അമേരിക്കയുടെ ബഹിരാകാശ സേന സൈന്യത്തിന് കൈമാറി. ഭ്രമണ പഥത്തില്‍ കറങ്ങുന്ന സാറ്റലൈറ്റുകളെ നിമിഷനേരം കൊണ്ട് ഉപയോഗശൂന്യമാക്കി മാറ്റാന്‍ ഈ ജാമറുകള്‍ക്കാവുമെന്നാണ് സേനയുടെ അവകാശവാദം. 'കൗണ്ടര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം' എന്ന് വിളിക്കുന്ന ഈ സാങ്കേതിക വിദ്യ വര്‍ഷങ്ങളായുണ്ടെങ്കിലും യുഎസ് സൈന്യത്തിന് ഇത് കൈമാറിയത് കഴിഞ്ഞ മാസമാണ്. ഇതോടെ ശത്രുക്കളുടെ കൃത്രിമ ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ വെച്ചു തന്നെ പ്രവര്‍ത്തനരഹിതമാക്കാന്‍ അമേരിക്കക്ക് സാധിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

അമേരിക്കയെ സംബന്ധിച്ച് ഇതൊരു പുതിയ ആയുധമാണ്. അതേ സമയം റഷ്യയുടെ കൈവശം ഇത് നേരത്തെ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എങ്ങനെയാണ് ഈ ആയുധം പ്രവർത്തിപ്പിക്കുന്നത് എന്ന കാര്യം രഹസ്യമാക്കി വച്ചിരിക്കുകയാണെന്നും 2017 മുതല്‍ പല രാജ്യങ്ങളും സമാനമായ 13 സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സാങ്കേതിക വിദ്യ  ഉപഗ്രഹങ്ങളെ കേടുവരുത്തുന്നില്ല. പകരം സന്ദേശങ്ങള്‍ക്കായി ഉപഗ്രങ്ങളെ ആശ്രയിക്കുന്ന സൈനിക സൈനികേതര ശൃംഖലകള്‍ക്ക് ഇവ വലിയ ഭീഷണി സൃഷ്ടിച്ചേക്കാം. 

സുപ്രധാനമായ ദൗത്യത്തിനിടെ ആശയവിനിമയ ശൃംഖലയില്‍ നിന്ന് സൈനികരെ ഒഴിവാക്കാന്‍ ഈ ജാമര്‍ കൊണ്ട് സാധിക്കും.മിസൈല്‍ അലേര്‍ട്ടുകളെ താറുമാറാക്കാന്‍ ഈ ജാമറിനാകുമെന്നതാണ് ഏറ്റവും ആശങ്കയുളവാക്കുന്ന കാര്യം. ഇത്തരത്തില്‍ റഡാര്‍ സംവിധാനങ്ങളെ നിര്‍വ്വീര്യമാക്കി ഏതൊരു രാജ്യത്തും മിസ്സൈല്‍ ആക്രമണം നടത്താന്‍ ഈ ജാമര്‍ ഉപയോഗിച്ച് സാധിക്കും.