പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാധിപതിയല്ലെന്നും രാജ്യം കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ജനാധിപത്യ നേതാവാണെന്ന  കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ക്കാണ് മാര്‍ട്ടിനയുടെ പരിഹാസം.  

പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi)യെ പുകഴ്ത്തിക്കൊണ്ടുള്ള അമിത് ഷാ (Amit Shah)യുടെ വാക്കുകളെ പരിഹസിച്ച് വനിതാ ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ (Martina Navratilova). ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തെ(Right wing) തന്‍റെ ട്വീറ്റുകളിലൂടെ വമിര്‍ശിക്കുന്ന വ്യക്തി കൂടിയാണ് അമേരിക്കന്‍ ടെന്നീസ് ഇതിഹാസം മാര്‍ട്ടിന. പ്രധാനമന്ത്രി നരേന്ദ്രമോദി ഏകാധിപതി(dictator)യല്ലെന്നും രാജ്യം കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ജനാധിപത്യ നേതാവാണെന്ന(most democratic leader the country has ever seen) കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ക്കാണ് മാര്‍ട്ടിനയുടെ പരിഹാസം. എന്‍റെ അടുത്ത തമാശ എന്ന കുറിപ്പിനൊപ്പം അമ്പരപ്പ് പ്രകടമാക്കുന്ന ഇമോജിയും കോമാളിയുടെ ഇമോജിയും ഉള്‍പ്പെടുത്തിയാണ് അമിത് ഷായുടെ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വാര്‍ത്ത് മാര്‍ട്ടിന പങ്കുവച്ചിരിക്കുന്നത്.

Scroll to load tweet…

എന്തായാലും മാര്‍ട്ടിനയുടെ പരിഹാസം കുറിക്ക് കൊണ്ടുവെന്ന് വ്യക്തമാക്കുന്നതാണ് ട്വീറ്റിന് ലഭിക്കുന്ന പ്രതികരണങ്ങള്‍. വളരെ രൂക്ഷമായ പ്രതികരണമാണ് തീവ്രവലതുപക്ഷാനുഭാവികള്‍ മാര്‍ട്ടിനയുടെ ട്വീറ്റിന് നല്‍കുന്നത്. രാജ്യത്തിന്‍റെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടെന്നും ഫോളോവേഴ്സിനെ കൂട്ടാനുള്ള പബ്ളിസിറ്റി പരിപാടിയാണ് ട്വീറ്റെന്നുമാണ് പ്രതികരണങ്ങളില്‍ ഏറെയും. 2019ല്‍ മോദിയേയും ട്രംപിനേയും ഉള്‍പ്പെടുത്തിയുള്ള മാര്‍ട്ടിനയുടെ പ്രതികരണത്തിനും രൂക്ഷ പ്രതികരണങ്ങള്‍ നേരിട്ടിരുന്നു. ഇന്നലെ രാത്രിയോടെ നടത്തിയ പ്രതികരണം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഞായറാഴ്ചയാണ് സന്‍സദ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പ്രധാനമന്ത്രിയേപ്പോലുള്ള ഒരു മികച്ച ശ്രോതാവിനെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം എല്ലാവരുടേയും അഭിപ്രായവും നിര്‍ദ്ദേശങ്ങളും കേള്‍ക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ആര് നല്‍കിയ നിര്‍ദ്ദേശമെന്ന് നോക്കാറില്ല മറിച്ച് നിര്‍ദ്ദേശം മാത്രമേ ശ്രദ്ധിക്കാറുള്ളുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തിരുന്നു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി മാറ്റിയതുകൊണ്ടാണ് ആളുകള്‍ അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു.