Asianet News MalayalamAsianet News Malayalam

'അവർ സേഫാണ്': ജീവനും കൈയ്യിൽപ്പിടിച്ച് ഗാസയിൽ നിന്ന് യാത്ര, ഇന്ത്യക്കാരായ അമ്മയും മകളെയും രക്ഷിച്ച് ദൗത്യ സംഘം

തിങ്കളാഴ്ച വൈകുന്നേരമാണ് ലുബ്നയും  മകൾ കരീമയും റഫ അതിർത്തി കടന്ന് സുരക്ഷിതരായി ഈജിപ്തിലെത്തിയത്. ഇന്ത്യൻ ദൌത്യ സംഘത്തിന്‍റെ സഹായത്തോടെയാണ് അമ്മയേയും മകളെയും അതിർത്തി കടത്തിയത്.

An Indian woman and her daughter evacuated from Gaza reports vkv
Author
First Published Nov 14, 2023, 6:18 PM IST

ജറുസലേം: ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ ഗാസയിൽ കുടുങ്ങിയ ഇന്ത്യക്കാരായ അമ്മയെയും മകളെയും രക്ഷപ്പെടുത്തി. കശ്മീർ സ്വദേശികളായ ലുബ്ന നസീർ ഷബൂ,  മകൾ കരീമ എന്നിവരാണ് ഗാസയിൽ നിന്നും രക്ഷപ്പെട്ടത്. ഇരുവരും സുരക്ഷിതരാണെന്നും അവർ ഗാസയിൽ നിന്നും രക്ഷപ്പെടാനായ സന്തോഷത്തിലാണെന്നും ലുബ്നയുടെ ഭർത്താവ് നെദാൽ ടോമൻ അറിയിച്ചു. വാർത്താ ഏജൻസിയായ പിടിഐയാണ് ഇന്ത്യക്കാരായ അമ്മയേയും മകളെയും രക്ഷപ്പെടുത്തിയ വിവരം പുറത്തറിയിച്ചത്.

തിങ്കളാഴ്ച വൈകുന്നേരമാണ് ലുബ്നയും  മകൾ കരീമയും റഫ അതിർത്തി കടന്ന് സുരക്ഷിതരായി ഈജിപ്തിലെത്തിയത്. ഇന്ത്യൻ ദൌത്യ സംഘത്തിന്‍റെ സഹായത്തോടെയാണ് അമ്മയേയും മകളെയും അതിർത്തി കടത്തിയത്. ഇരുവരും ഈജിപ്തിലെ എൽ അരിഷ് നഗരത്തിലുണ്ടെന്നും ചൊവ്വാഴ്ച ഇവർ കയ്റോ നഗരത്തിലെത്തുമെന്നും ലുബ്നയുടെ ഭർത്താവ് നെദാൽ ടോമൻ പിടിഐയോട് പറഞ്ഞു. ഗാസയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനായി റഫ അതിർത്ഥി തുറന്നിരുന്നു. ഗാസയിലേക്ക് ഭക്ഷണമെത്തിക്കുന്നതിനോടൊപ്പം യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നവരെ അതിർത്തി കടത്താൻ ഇന്ത്യയുടേതുള്‍പ്പടെ ദൌത്യ സംഘങ്ങള്‍ ശ്രമിക്കുന്നുണ്ട്. വിദേശികളെയും പരിക്കേറ്റവരെയും അതിർത്തിയിലൂടെ പുറത്തെത്തിച്ചിട്ടുണ്ട്.

ഗാസയിൽ നിന്നും അതിർത്തി കടക്കാനായത് ജീവൻ തിരിച്ച് പിടിതിന് തുല്യമാണെന്നും ഇത് സാധ്യമാക്കിയ  ഇന്ത്യൻ ദൗത്യ സംഘത്തിന് നന്ദിയുണ്ടെന്ന് ലുബ്ന  പറഞ്ഞു. ഒക്ടോബർ 10ന് ലുബ്ന വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവേ തന്നെ രക്ഷിക്കാൻ ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ഇടപെടലുണ്ടാകുന്നത്.  ബോംബ് ആക്രമണത്തിൽ ഏത് നിമിഷവും ജീവൻ പൊലിയുമെന്ന ഭീതിയിലാണ് താനും മകളുമെന്നും വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനാൽ ആരോഗ്യസ്ഥിതിയടക്കം മോശമാണെന്നും ലുബ്ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനും മകൾക്കുമൊപ്പം ഇവരെ സുരക്ഷിതമായി ഗാസയിൽ നിന്നും പുറത്തെത്തിക്കുമെന്ന് ഇന്ത്യൻ രക്ഷാ സംഘം വ്യക്തമാക്കിയിരുന്നു.

അതേസമയം  ഗാസയിൽ ഇസ്രയേൽ രൂക്ഷമായി ആക്രമണം തുടരുകയാണ്. ഗാസയിലെ ഹമാസ് ഭരണകേന്ദ്രം ഇസ്രയേൽ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.. നിരവധി ഉന്നത ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. അഞ്ഞൂറോളം റോക്കറ്റുകൾ വിട്ട് ഇസ്രയേലിലേക്ക് അപ്രതീക്ഷിത ആക്രമണം നടത്തി ഒരു മാസം തികയുമ്പോഴേക്കും ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്നായിരുന്നു യോവ് ഗാലന്റ് പറഞ്ഞത്. 

Read More : അധ്യാപിക ക്ലാസിലെത്തിയപ്പോള്‍ കണ്ടത് കുട്ടികളുടെ കൂട്ട ചുമ, വില്ലൻ പെപ്പർ സ്പ്രേ; 13 വിദ്യാർത്ഥികൾ ആശുപത്രിയിൽ

Follow Us:
Download App:
  • android
  • ios