ഉടമസ്ഥൻ സ്ഥലത്തില്ലാഞ്ഞിട്ടും വീട്ടിൽ ആളനക്കം ശ്രദ്ധിച്ച അയൽക്കാരാണ് സംഭവം പുറത്തു കൊണ്ടുവന്നത്.

ഫ്ലോറിഡ: ഭാര്യയുമായി വഴക്കിട്ട 44 കാരൻ വീട്ടിലേക്ക് പോകാതെ പൂട്ടിയിട്ട മറ്റൊരു വീട്ടിൽ അതിക്രമിച്ച് കയറി. ഫ്ലോറിഡയിലാണ് സംഭവം. ജോ എന്നയാളാണ് നാലു ദിവസമായി ആളില്ലാത്ത വീട്ടിൽ പാചകവും വിശ്രമവുമായി ഒളിച്ച് കഴിയുന്നത്. ഉടമസ്ഥൻ സ്ഥലത്തില്ലാഞ്ഞിട്ടും വീട്ടിൽ ആളനക്കം ശ്രദ്ധിച്ച അയൽക്കാരാണ് സംഭവം പുറത്തു കൊണ്ടുവന്നത്.

വീട്ടിൽ നിന്നും ആളനക്കം ശ്രദ്ധിച്ച അയൽ വീട്ടിലെ ആളുകൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തുമ്പോൾ ജോ കുളികഴിഞ്ഞ് ഭക്ഷണം പാകം ചെയ്യുകയായിരുന്നു എന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. ഭാര്യയോട് വഴക്കിട്ടതിനെ തുടർന്ന് വീട്ടിലേക്ക് പോകാതെയാണ് ജോ പൂട്ടിക്കിടക്കുന്ന വീട്ടിൽ അതിക്രമിച്ച് കടന്നത്. ആ വീട് ആരുടേതാണെന്ന് പോലും അയാൾക്ക് അറിയില്ലെന്നും ഉദ്യോ​ഗസ്ഥർ പറയുന്നു. ചോദ്യം ചെയ്ത ഉദ്യോ​ഗസ്ഥരോട് ജോ പറഞ്ഞത് ഭാര്യയോട് വഴക്കാണ്, വീട്ടിലേക്ക് പോകാൻ താൽപ്പര്യമില്ല. അതുകൊണ്ടാണ് ആരുടേതെന്നുപോലും അറിയാത്ത വീട്ടിൽ അതിക്രമിച്ച് കയറിയത് എന്നാണ്. നിലവിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.