ഇന്ന് ഗാസയും നാളെ വെസ്റ്റ് ബാങ്കും പിന്നീട് മറ്റ് പലസ്തീനിയൻ മേഖലകളും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്നും നൂറു വർഷം പ്രതിരോധിച്ച നീക്കത്തെ ഇനിയും സ്വീകരിക്കാൻ പോകുന്നില്ലെന്നും അറബ് ലീഗ്
ന്യൂയോർക്ക്: ഗാസയിൽ നിന്ന് പലസ്തീനികളെ മാറ്റാനുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തെ എതിർത്ത് അറബ് ലീഗ്. നിർദേശം അറബ് മേഖലയ്ക്ക് സ്വീകാര്യമല്ലെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗെയ്ത് ആണ് നിലപാട് വ്യക്തമാക്കിയത്. ഇന്ന് ഗാസയും നാളെ വെസ്റ്റ് ബാങ്കും പിന്നീട് മറ്റ് പലസ്തീനിയൻ മേഖലകളും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്നും നൂറു വർഷം പ്രതിരോധിച്ച നീക്കത്തെ ഇനിയും സ്വീകരിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ യു എസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തിയ ജോർദാൻ രാജാവും ഈ നീക്കത്തെ കാര്യമായി പിന്തുണച്ചിരുന്നില്ല.
നേരത്തെ സൗദി അറേബ്യക്കുള്ളിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന തള്ളിക്കളഞ്ഞും രൂക്ഷ വിമർശനവുമായും അറബ് രാഷ്ട്രങ്ങൾ കൂട്ടത്തോടെ രംഗത്തെത്തിയിരുന്നു. എത്ര കാലമെടുത്താലും ഒരാൾക്കും പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനാവില്ലെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രസ്താവനയോട് സൗദി പ്രതികരിച്ചത്. സ്വന്തം മണ്ണുമായി മനുഷ്യനുള്ള ആത്മ ബന്ധം കയ്യേറ്റക്കാർക്ക് മനസിലാകില്ലെന്നും സൗദി വിമർശിച്ചിരുന്നു. ഈ ചിന്താഗതികളാണ് സമാധാനത്തിന്റെ വഴി സ്വീകരിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ തടയുന്നതെന്നും സൗദി അഭിപ്രായപ്പെട്ടിരുന്നു. പ്രകോപനപരവും തള്ളിക്കളയേണ്ടതുമാണ് പ്രസ്താവനയെന്നാണ് യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ തള്ളിക്കളയുന്നുവെന്നും യു എ ഇ വ്യക്തമാക്കി. മേഖലയിലെ ആശങ്കകൾ ചർച്ച ചെയ്യാൻ ഈ മാസം 27 ന് ഈജിപ്തിൽ ഉച്ചകോടി ചേരാനും അറബ് രാഷ്ട്രങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ ഗാസയെ വിഭജിക്കുന്ന നെറ്റ്‍സാരിം ഇടനാഴിയിൽ നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങി. ഗാസ വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഇസ്രയേൽ സൈന്യം പിൻവാങ്ങിയത്. ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് ഇസ്രയേൽ സൈന്യത്തിന്‍റെ പിന്മാറ്റമെന്നാണ് വിലയിരുത്തൽ.
