യുഎഇയെയും ഖത്തറിനെയും ലക്ഷ്യമിട്ടുള്ള വ്യാജ മാധ്യമ പ്രചാരണങ്ങളെ അറബ് പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമാഹി ശക്തമായി അപലപിച്ചു. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഇരു രാജ്യങ്ങളുടെയും ശ്രമങ്ങളെ തകർക്കാനാണ് ഈ നീക്കമെന്നും, അറബ് രാജ്യങ്ങൾക്കിടയിൽ ഐക്യദാർഢ്യം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അബുദാബി: യുഎഇയെയും ഖത്തറിനെയും ലക്ഷ്യമിട്ട് നടക്കുന്ന വ്യാജവും അടിസ്ഥാനരഹിതവുമായ മാധ്യമ പ്രചാരണങ്ങളെ ശക്തമായി അപലപിച്ച് അറബ് പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബിൻ അഹമ്മദ് അൽ യമാഹി. കൃത്യതയോ നിഷ്പക്ഷതയോ ഇല്ലാത്ത ഇത്തരം ആരോപണങ്ങൾ പ്രാദേശിക-അന്തർദേശീയ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഇരു രാജ്യങ്ങളുടേയും സ്വാധീനത്തെയും പ്രയത്നങ്ങളെയും തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്തെ ജനങ്ങളുടെ താല്പര്യങ്ങൾക്ക് നിരക്കാത്ത ഇത്തരം വ്യാജ വാർത്തകൾ വെല്ലുവിളികൾ നിറഞ്ഞ നിലവിലെ സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനും വസ്തുതകൾ വളച്ചൊടിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് അൽ യമാഹി പ്രസ്താവനയിൽ പറഞ്ഞു. പ്രതിസന്ധികളെ നേരിടാനും സമാധാനത്തിന്‍റെ അടിത്തറ ശക്തമാക്കാനും അറബ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണവും ഐക്യദാർഢ്യവുമാണ് ഈ സമയത്ത് ആവശ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തർക്കങ്ങൾ പരിഹരിക്കുന്നതിനും പ്രതിസന്ധികൾ മറികടക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളിൽ യുഎഇയും ഖത്തറും നിർണായക പങ്കാണ് വഹിക്കുന്നത്. മേഖലയിലെ ജനങ്ങളുടെ വികസനവും പുരോഗതിയും ലക്ഷ്യമിട്ടുള്ള സംയുക്ത നീക്കങ്ങളിൽ ഇരു രാജ്യങ്ങൾക്കുമുള്ള വ്യക്തമായ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങളെയും ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെയും അറബ് പാർലമെന്‍റ് ശക്തമായി നിഷേധിച്ചു. അറബ് രാജ്യങ്ങൾക്കിടയിലുള്ള ഐക്യദാർഢ്യവും പരമാധികാരത്തോടുള്ള ബഹുമാനവും ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടാതിരിക്കലും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അത്യാവശ്യമാണെന്നും അൽ യമാഹി ഊന്നിപ്പറഞ്ഞു.


