മോസ്കോ: സംഘര്‍ഷത്തിലായിരുന്ന അര്‍മേനിയയും അസ്സര്‍ബൈജാനും വെടിനിര്‍ത്തലിന് ധാരണയായി. റഷ്യയുടെ മധ്യസ്ഥതയില്‍ മോസ്കോയില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ആഴ്ചകളായി നഗ്രോണോ-കരാബാഗ് പ്രവിശ്യയില്‍ നടക്കുന്ന സംഘര്‍ഷത്തിന് അയവ് വരുന്ന തീരുമാനത്തിലേക്ക് എത്തിയത്. സംഘര്‍ഷത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ കൈമാറാനും ധാരണയായിട്ടുണ്ട്.

സെപ്തംബര്‍ 27നാണ് സംഘര്‍ഷം ആരംഭിച്ചത്. വെടിനിര്‍ത്തല്‍ ശനിയാഴ്ച പകല്‍ 12 മണി മുതല്‍ പ്രഭല്യത്തില്‍ വരുമെന്നാണ് ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ച റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലാവറോവ് അറിയിക്കുന്നത്. 10 മണിക്കൂറാണ് ഇരു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ ഒന്നിച്ചിരുത്തി റഷ്യന്‍ വിദേശകാര്യമന്ത്രി ചര്‍ച്ചകള്‍ നടത്തിയത്. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയത്.

പ്രദേശത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും ഇപ്പോള്‍ ഉയര്‍ന്നുവന്ന തര്‍ക്കത്തില്‍ ഉപയകക്ഷി ചര്‍ച്ചകളും ആരംഭിക്കാന്‍ ധാരണയില്‍ എത്തിയതായി റഷ്യ അറിയിച്ചു. സംഘര്‍ഷം നടന്ന സ്ഥലങ്ങളില്‍ അന്താരാഷ്ട്ര റെഡ്ക്രോസ് സോസേറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക സേവനങ്ങള്‍ സംഘടിപ്പിക്കാനും ധാരണയായി.

എന്നാല്‍ ചര്‍ച്ച സംബന്ധിച്ചോ, വെടിനിര്‍ത്തല്‍ സംബന്ധിച്ചോ മാധ്യമങ്ങളോട് സംസാരിക്കാന്‍ അസ്സര്‍ബൈജാന്‍, അര്‍മേനിയന്‍ വിദേശകാര്യ മന്ത്രിമാര്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയകാര്യമാണ്.