ബ്രസീലിയ: ആമസോൺ മഴക്കാടുകളിൽ അഗ്നിബാധ അനിയന്ത്രിതമായി പടരുന്നതിനിടെ, പ്രശ്നത്തിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടെന്ന് ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനരൊ. കർഷകർ നിയമവിരുദ്ധമായി തീയിട്ടത് കൊണ്ടാവാം കാട്ടുതീ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ആമസോൺ വനത്തിലെ തീ അന്താരാഷ്ട്ര പ്രതിസന്ധിയാണെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ പറഞ്ഞിരുന്നു. ഗ്രൂപ്പ് 7 രാജ്യങ്ങളുടെ യോഗം അടിയന്തിരമായി വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. "നമ്മുടെ വീട് കത്തിക്കൊണ്ടിരിക്കുകയാണ്. ആമസോൺ മഴക്കാട്-നമ്മുടെ ഗ്രഹത്തിന് ആവശ്യമായതിന്റെ 20 ശതമാനം ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന ശ്വാസകോശം ആണ്," എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

എന്നാൽ മക്രോണിന്റെ പ്രസ്താവന വ്യക്തിപരമായും രാഷ്ട്രീയപരമായുമുള്ള നേട്ടത്തിന് വേണ്ടിയാണെന്ന് ബ്രസീലിയൻ പ്രസിഡന്റ് കുറ്റപ്പെടുത്തി. മക്രോൺ അതിവൈകാരികതയോടെ പറഞ്ഞ വാക്കുകൾ കൊണ്ട് യാതൊരു പരിഹാരവും ഉണ്ടാവില്ലെന്നാണ് ബൊൽസൊനരൊ തിരിച്ചടിച്ചത്.

കാടിന് തീപിടിച്ചത് സർക്കാരിതര സംഘടനകൾ തീവച്ചത് കൊണ്ടാണെന്നാണ് ബൊൽസൊനരൊ ബുധനാഴ്ച പറഞ്ഞത്. എന്നാൽ ഈ ആരോപണത്തെ സാധൂകരിക്കുന്ന യാതൊരു തെളിവും അദ്ദേഹം പുറത്തുവിട്ടില്ല. പക്ഷെ വ്യാഴാഴ്ച, കർഷകരെയാണ് ഇക്കാര്യത്തിൽ പ്രതിസ്ഥാനത്ത് നിർത്തിയത്. മഴക്കാടുകൾ ഖനനത്തിനും കാർഷികാവശ്യങ്ങൾക്കും കമ്പനികൾക്ക് കെട്ടിടം പണിയുന്നതിനുമായി വിട്ടുകൊടുക്കണം എന്ന വാദക്കാരനാണ് ബോൽസൊനരൊ. ജനുവരിയിലാണ് ഇദ്ദേഹം ബ്രസീൽ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. ആമസോൺ മഴക്കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ്. ഇത് നശിക്കുന്നത് ആഗോളതാപനത്തിലും മഴയുടെ ലഭ്യതയിലും വലിയ പ്രത്യാഘ്യാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.