ആഷ്‌ലി ജെ. ടെല്ലിസ് അറസ്റ്റിൽ. കുറ്റക്കാരനെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ 10 വർഷം വരെ തടവ് ശിക്ഷയും 2,50,000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന കേസാണ് എന്ന് യു എസ്. അറ്റോർണി ഓഫീസ് അറിയിച്ചു.

വാഷിംഗ്ടൺ: പ്രമുഖ വിദേശ നയതന്ത്ര വിദഗ്ദ്ധനും ഇന്ത്യൻ വംശജനുമായ ആഷ്‌ലി ജെ. ടെല്ലിസ് അറസ്റ്റിൽ. രഹസ്യ സ്വഭാവമുള്ള ദേശീയ പ്രതിരോധ വിവരങ്ങൾ നിയമ വിരുദ്ധമായി കൈവശം വെച്ചു, ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടങ്ങി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുറ്റക്കാരനെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ 10 വർഷം വരെ തടവ് ശിക്ഷയും 2,50,000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന കേസാണ് എന്ന് യു എസ്. അറ്റോർണി ഓഫീസ് അറിയിച്ചു. സർക്കാർ രഹസ്യരേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഫെഡറൽ അന്വേഷണത്തെ തുടർന്നാണ് ടെല്ലിസിനെ കസ്റ്റഡിയിലെടുത്തത്. ചൈനീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചുള്ള ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്. രേഖകൾ കൈവശം വെച്ചത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് യു.എസ്. അറ്റോർണി ലിൻഡ്‌സെ ഹാലിഗൻ പ്രസ്താവനയിൽ അറിയിച്ചു.

2023 ഏപ്രിലിൽ വാഷിങ്ടണിന് സമീപമുള്ള ഒരു സ്ഥലത്തു വച്ച് ചൈനീസ് ഉദ്യോഗസ്ഥരുമായി ടെല്ലിസ് അത്താഴവിരുന്നിൽ പങ്കെടുത്തെന്നാണ് എഫ്ബിഐ പറയുന്നത്. ഇറാൻ-ചൈന ബന്ധത്തെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചും ടെല്ലിസ് സംസാരിച്ചു. അത്താഴവിരുന്നു നടക്കുന്ന സ്ഥലത്തേക്ക് ഒരു കവർ അദ്ദേഹം കൊണ്ടുപോയിരുന്നു. എന്നാൽ തിരികെ പോകുമ്പോൾ അത് ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതോടൊപ്പം മീറ്റിങ്കിന് ശേഷം ചൈനീസ് ഉദ്യോഗസ്ഥർ ടെല്ലിസിന് സമ്മാനപ്പൊതികൾ നൽകിയതായും കണ്ടെത്തി. 

യു.എസ്-ഇന്ത്യ ബന്ധങ്ങളിലും ദക്ഷിണേഷ്യൻ സുരക്ഷാ കാര്യങ്ങളിലും വാഷിംഗ്ടണിലെ മുൻനിര വിദഗ്ദ്ധനായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് ആഷ്‌ലി ടെല്ലിസ്. മുൻ യു.എസ്. പ്രസിഡൻ്റ് ജോർജ്ജ് ബുഷിൻ്റെ ദേശീയ സുരക്ഷാ കൗൺസിലിൽ അദ്ദേഹം പ്രത്യേക സഹായ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ ടെല്ലിസിന് 10 വർഷം വരെ തടവും 2,50,000 ഡോളർ വരെ പിഴയും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.