അമിതമായ ഭൂഗർഭജല ചൂഷണം, സമുദ്രനിരപ്പ് ഉയരുന്നത് എന്നിവ കാരണം നഗരത്തിന്റെ വലിയൊരു ഭാഗം താമസിയാതെ വാസയോഗ്യമല്ലാതായി മാറിയേക്കാമെന്നാണ് വിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പ്. 

ജക്കാർത്ത: ഏഷ്യയിലെ ഒരു പ്രധാന ന​ഗരത്തിന്റെ പല ഭാ​ഗങ്ങളും അതിവേ​ഗം മുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയാണ് അപകടത്തിലേയ്ക്ക് നീങ്ങുന്നത്. 10 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ജക്കാർത്ത ഞെട്ടിപ്പിക്കുന്ന വേഗതയിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ നഗരത്തിന്റെ വലിയൊരു ഭാഗം അപകടത്തിലാകുമെന്നും റിപ്പോർട്ടുണ്ട്. വെനീസിൽ സംഭവിക്കുന്നതിന് സമാനമായ രീതിയിലോ അതിനേക്കാൾ വേ​ഗത്തിലോ ആണ് ജക്കാർത്ത മുങ്ങുന്നത് എന്നതാണ് ആശങ്കയാകുന്നത്.

വെനീസ് പ്രതിവർഷം ഏകദേശം 0.08 ഇഞ്ച് മുങ്ങുന്നുണ്ടെന്നാണ് കണ്ടെത്തിയിരുന്നതെങ്കിൽ ജക്കാർത്ത പ്രതിവർഷം 1 മുതൽ 15 സെന്റീമീറ്റർ വരെ എന്ന നിരക്കിലാണ് മുങ്ങുന്നത്. എന്നാൽ, ചില മേഖലകൾ ഇതിലും വേഗത്തിലാണ് കാര്യങ്ങൾ സംഭവിക്കുന്നത്. ലോകത്തിൽ ഏറ്റവും വേഗത്തിൽ മുങ്ങുന്ന വലിയ നഗരം എന്ന വിശേഷണം ജക്കാർത്തയ്ക്ക് ലഭിക്കാനുള്ള കാരണം വെനീസുമായുള്ള ഈ പ്രകടമായ വ്യത്യാസമാണ്. മാത്രമല്ല, ജക്കാർത്തയുടെ ഏകദേശം 40% സമുദ്രനിരപ്പിന് താഴെയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ 2030–2050 ആകുമ്പോഴേക്കും നഗരത്തിന്റെ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്നാണ് ശാസ്ത്രജ്ഞരും ​ഗവേഷകരും അഭിപ്രായപ്പെടുന്നത്.

സമുദ്രനിരപ്പ് ഉയരുന്നത് മാത്രമല്ല ജക്കാർത്തയെ പ്രതിസന്ധിയിലാക്കുന്നത്. മനുഷ്യരുടെ പ്രവൃത്തികളും ഭൂമിശാസ്ത്രപരമായ നിരവധി ഘടകങ്ങളും ജക്കാർത്തയെ വേഗത്തിൽ അപ്രത്യക്ഷമാക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. അമിതമായ ഭൂഗർഭജല ചൂഷണം ഇതിന് വലിയൊരു കാരണമാണ്. അതിവേഗം വർധിച്ചുവരുന്ന ജനസംഖ്യയാണ് മറ്റൊരു കാരണം. ഉപരിതല ജലവിതരണം പരിമിതമാകുമ്പോൾ ആളുകൾക്ക് ഭൂഗർഭ ജലാശയങ്ങളെ വളരെയധികം ആശ്രയിക്കേണ്ടി വരുന്നു. പ്രകൃതിയുടെ സ്വാഭാവിക പ്രക്രിയകളെ തടസപ്പെടുത്തുകയും വേഗത്തിൽ വെള്ളം പമ്പ് ചെയ്യുകയും ചെയ്യുമ്പോൾ മണ്ണ് സങ്കോചിക്കാനും താഴാനും ഇടയാക്കും.

ബഹുനില കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമ്മാണം, നഗരവികസനം എന്നിവ മൃദുവായ ഡെൽറ്റ മണ്ണിനെ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് വിലയിരുത്തൽ. തീരദേശ തകർച്ചയും സമുദ്രനിരപ്പ് ഉയരുന്നതും മറ്റ് പ്രധാന കാരണങ്ങളാണ്. ജക്കാർത്ത ഉൾപ്പെടെയുള്ള പല തീരദേശ നഗരങ്ങളും കര മുങ്ങലിന്റെയും സമുദ്രനിരപ്പ് ഉയരുന്നതിന്റെയും ഭീഷണി ഒരുപോലെ നേരിടുന്നുണ്ട്. ഇത് വെള്ളപ്പൊക്ക സാധ്യതകൾ വർദ്ധിപ്പിക്കുന്നു. സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശങ്ങൾ ഉയർന്ന വേലിയേറ്റ സമയത്തോ കനത്ത മഴയിലോ സ്ഥിരമായി വെള്ളപ്പൊക്ക മേഖലകളായി മാറാനുള്ള സാധ്യത കൂടുതലാണ്. ഇതോടെ വാസയോഗ്യമായ ഭൂമി നഷ്ടപ്പെടാൻ തുടങ്ങും.

സുരക്ഷിതമായ പാർപ്പിട, വാണിജ്യ മേഖലകൾ ചുരുങ്ങുന്നതിനാൽ ജനങ്ങളുടെ കൂട്ടപ്പലായനത്തിലേയ്ക്ക് കാര്യങ്ങൾ എത്താൻ സാധ്യതയുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോ​ഗമിക്കുന്നുണ്ടെന്നാണ് വിവരം. ന​ഗരാസൂത്രകരും നയരൂപീകരണ വിദഗ്ധരും വലിയ തോതിലുള്ള മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. ജനവാസ കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കാനോ വെള്ളപ്പൊക്കം തടയുന്നതിനുള്ള പ്രതിരോധ നടപടികളിലേയ്ക്ക് വമ്പൻ നിക്ഷേപം നടത്താനോ ആണ് അധികൃതർ ആലോചിക്കുന്നത്.

പല തീരദേശ നഗരങ്ങളും സമുദ്രനിരപ്പ് ഉയരുന്നതിനേക്കാൾ വേഗത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് അടുത്തിടെ നടത്തിയ ഒരു ആഗോള സർവേയിലെ കണ്ടെത്തൽ. ഇത്തരം സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ഏഷ്യയുടെ ചില ഭാഗങ്ങളിൽ, പ്രതിവർഷം 2 സെന്റിമീറ്ററിൽ കൂടുതൽ താഴ്ച സംഭവിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് ആഗോളതലത്തിൽ ശരാശരി സമുദ്രനിരപ്പ് ഉയരുന്നതിന്റെ പത്തിരട്ടി വരെയാണ്. മൃദുവായ മണ്ണിലും ഡെൽറ്റകളിലും നിർമ്മിച്ച ആധുനിക നഗരങ്ങൾക്ക് സ്മാർട്ട് ഗ്രൗണ്ട് മാനേജ്‌മെന്റിലൂടെ വളർച്ച കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവ കൂടുതൽ ദുർബലമാകുമെന്നതാണ് ജക്കാർത്ത പഠിപ്പിക്കുന്ന പാഠം.