ഡോക്ടർമാർ രോഗം കണ്ടെത്തുമ്പോഴേക്കും വയറ്റിൽ വ്യാപകമായി പടർന്നിരുന്നു. 2019 ഏപ്രിലിൽ അപ്പെൻഡിക്സും വയറിലെ പാളിയുടെ ഒരു ഭാഗവും നീക്കം ചെയ്തു. തുടർന്ന് എട്ട് റൗണ്ട് കീമോതെറാപ്പിയും നടത്തി.

ലണ്ടൻ: യുകെയിൽ യുവതിക്ക് അപൂർവവും മാരകവുമായ കാൻസർ ബാധിച്ചതിനെ തുടർന്ന് 13 ആന്തരിക അവയവങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശാരീരിക വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും യുവതി സുഖമായി ജീവിക്കുന്നുണ്ടെന്ന് പീപ്പിൾ റിപ്പോർട്ട് ചെയ്തു. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കംബ്രിയയിൽ നിന്നുള്ള 39 കാരിയായ റെബേക്ക ഹിൻഡിനാണ് ​ഗുരുതര രോ​ഗം ബാധിച്ചത്. 2018ൽ ഓഫീസിലെ ക്രിസ്മസ് പാർട്ടിക്ക് ശേഷമാണ് ആദ്യമായി അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയാണെന്ന് ആദ്യം കരുതിയെങ്കിലും ആഴ്ചകളോളം അസ്ഥസ്ഥത തുടർന്നു. ഒന്നിലധികം പരിശോധനകൾക്ക് ശേഷം, മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം ബാധിക്കുന്ന മ്യൂസിൻ ഉൽപ്പാദിപ്പിക്കുന്ന അപൂർവ കാൻസറായ സ്യൂഡോമൈക്സോമ പെരിറ്റോണിയിയാണെന്ന് (pseudomyxoma peritonei) കണ്ടെത്തി.

ഡോക്ടർമാർ രോഗം കണ്ടെത്തുമ്പോഴേക്കും വയറ്റിൽ വ്യാപകമായി പടർന്നിരുന്നു. 2019 ഏപ്രിലിൽ അപ്പെൻഡിക്സും വയറിലെ പാളിയുടെ ഒരു ഭാഗവും നീക്കം ചെയ്തു. തുടർന്ന് എട്ട് റൗണ്ട് കീമോതെറാപ്പിയും നടത്തി.

ആ വർഷം തന്നെ നടന്ന രണ്ടാമത്തെ ശസ്ത്രക്രിയയിൽ, പ്ലീഹ, പിത്താശയം, ഗർഭപാത്രം, അണ്ഡാശയങ്ങൾ, കുടലിന്റെ ഭാ​ഗം, മലാശയം, സെർവിക്സ്, ഫാലോപ്യൻ ട്യൂബുകൾ, ആമാശയത്തിന്റെയും കരളിന്റെയും ഭാഗങ്ങൾ, ഡയഫ്രത്തിന്റെ ഇരുവശങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആന്തരിക അവയവങ്ങൾ നീക്കം ചെയ്തു. ഇപ്പോൾ അവൾ ഒരു സ്റ്റോമയുമായി ജീവിക്കുന്നു. ഇലക്ട്രോലൈറ്റ് ദ്രാവകങ്ങളും ദിവസവും ഡസൻ കണക്കിന് ഗുളികകളും കഴിച്ചാണ് ജീവിക്കുന്നത്. അസുഖത്തിനപ്പുറം ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താൻ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് റെബേക്ക പറഞ്ഞു. സർഫിംഗ്, ഹോട്ട്-എയർ ബലൂണിംഗ്, ഡോഗ് സ്ലെഡ്ജിംഗ് എന്നിവയിൽ ഇതിനകം പങ്കെടുത്തിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

നാലാം ഘട്ട കാൻസർ ബാധിച്ചവരുടെ ജീവിതത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഈ വർഷം അവസാനം ഒളിമ്പ്യൻ സർ ക്രിസ് ഹോയ് നയിക്കുന്ന 'ടൂർ ഡി 4' സൈക്ലിംഗ് പരിപാടിയിൽ പങ്കെടുക്കാൻ റെബേക്ക പദ്ധതിയിടുന്നു. കാൻസർ അതിജീവിച്ചവരെ പിന്തുണയ്ക്കുന്നതിനും പിഎംപി രോഗികൾക്കുമായി നടത്തുന്ന ചാരിറ്റിയായ സ്യൂഡോമൈക്‌സോമ സർവൈവറിനായി ഫണ്ട് സ്വരൂപിക്കുന്നതിനുമായി അവർ കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. കാമ്പെയ്‌ൻ ഇതുവരെ $1,800 സമാഹരിച്ചു.