ദുരന്തത്തിൽ 10 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  തീപിടിത്തമുണ്ടായതിന് പിന്നാലെ അതിഥികൾ കയറുപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. 

ഇസ്താംബുൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ സ്‌കീ റിസോർട്ടിലെ ഹോട്ടലിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച്ചയാണ് സംഭവമുണ്ടായത്. ദുരന്തത്തിൽ 10 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീപിടിത്തമുണ്ടായതിന് പിന്നാലെ അതിഥികൾ കയറുപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെടാനായി ചിലർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനിടെ വീഴ്ച്ചയിലും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 3 പേർ മരിച്ചത് ഇങ്ങനെയാണ്. 

നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. 12 നിലകളുള്ള ഗ്രാൻഡ് കാർട്ടൽകയ എന്ന ഹോട്ടലിലായിരുന്നു തീപിടിത്തമുണ്ടായത്. 230 പേരെങ്കിലും ഹോട്ടലിൽ താമസിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേ സമയം തീ പിടിത്തത്തിനു കാരണം എന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ല. 

അർദ്ധരാത്രിയിൽ ഹോട്ടലിൽ നിന്ന് സഹായത്തിനായി നിലവിളി കൂട്ടുന്നത് കേട്ടുവെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. രക്ഷപ്പെടാനായി പുതപ്പുകളും കയറുകളുമാണ് അവർ ആവശ്യപ്പെട്ടത്. കഴിയുന്ന സഹായം ചെയ്തുവെന്നും അവർ കൂട്ടിച്ചേർത്തു. 

മരിച്ചവരുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ ഭയപ്പെടുന്നു. കെട്ടിടം തകരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.തീപിടിത്തമുണ്ടായപ്പോൾ ഹോട്ടലിൽ ഫയർ അലാറം മുഴങ്ങിയില്ലെന്നും സ്മോക്ക് ഡിറ്റക്ടറുകൾ പ്രവർത്തിച്ചില്ലെന്നും ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടവർ ഫറഞ്ഞു. ‌

അഗ്നിബാധയിൽ ജീവൻ നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ എക്‌സിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ ആറ് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് നീതിന്യായ മന്ത്രി യിൽമാസ് ടുങ്ക് പറഞ്ഞു. തീ പിടിത്തവുമായാ ബന്ധപ്പെട്ട് ഒഴിപ്പിച്ചവരെ സമീപത്തെ ഹോട്ടലുകളിൽ പുനരധിവസിപ്പിച്ചു.

പൊളിക്കുന്നതിനിടെ കെട്ടിടം തകർന്നു വീണ് അപകടം; കുവൈത്തിൽ തൊഴിലാളികൾക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം