Asianet News MalayalamAsianet News Malayalam

ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനികർക്ക് നേരെ ഭീകരാക്രമണം: 53 പേർ കൊല്ലപ്പെട്ടു

മാലി ബുർക്കിനാ ഫാസോയുമായി അതിർത്തി പങ്കിടുന്ന സൈനികപോസ്റ്റിൽ ജിഹാദിസ്റ്റ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 40 സൈനിക‍ർ കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് വീണ്ടും ആക്രമണമുണ്ടാകുന്നതും 53 പേർ കൊല്ലപ്പെടുന്നതും. 

Attack on Mali military post kills 53 soldiers
Author
Bamako, First Published Nov 2, 2019, 10:30 AM IST

ബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനികപോസ്റ്റിന് നേരെ ഭീകരാക്രമണം. 53 സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സർക്കാർ അറിയിച്ചു. മാലിയുടെ ചരിത്രത്തിൽത്തന്നെ ഏറ്റവും പേർ കൊല്ലപ്പെട്ട ഭീകരാക്രമണമാണിത്. പത്ത് സൈനികർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

മേനാക്ക മേഖലയിലെ ഇൻഡെലിമാൻ എന്ന മേഖലയിലാണ് ഭീകരാക്രമണമുണ്ടായത്. നൈഗറുമായി അതിർത്തി പങ്കിടുന്ന സൈനികപോസ്റ്റാണിത്. ആക്രമണത്തിൽ സൈനികർക്കൊപ്പം ഒരു പൗരൻ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ആഫ്രിക്കൻ വാർത്താ വിനിമയമന്ത്രി യായാ സൻഗാരെ അറിയിച്ചു.

''ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മരിച്ച സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികളും തുടരുകയാണ്'', മന്ത്രി വ്യക്തമാക്കി.

ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ മാലി പുറത്തുവിടാൻ തയ്യാറായിട്ടില്ല. ആദ്യം ആക്രമണം നടന്നു എന്ന് മാത്രമാണ് മാലി സർക്കാർ തുറന്നു പറയാൻ തയ്യാറായത്. എത്ര പേർ മരിച്ചെന്നോ, എത്രത്തോളം നാശനഷ്ടമുണ്ടായെന്നോ ആദ്യം സർക്കാർ വെളിപ്പെടുത്തിയിരുന്നില്ല.

അക്രമികൾക്കായി പ്രദേശത്ത് കർശനമായ തെരച്ചിൽ നടക്കുകയാണെന്ന് സർക്കാർ അറിയിക്കുന്നു. മാലിയിൽ സജീവമായ ഒരു ഇസ്ലാമിക് ഭീകര സംഘടനയും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല. 

മാലി ബുർക്കിനാ ഫാസോയുമായി അതിർത്തി പങ്കിടുന്ന സൈനികപോസ്റ്റിൽ ജിഹാദിസ്റ്റ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 40 സൈനിക‍ർ കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് വീണ്ടും ആക്രമണമുണ്ടാകുന്നതും 53 പേർ കൊല്ലപ്പെടുന്നതും. എന്നാൽ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം കുറച്ചു കാണിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. 

ഇതേത്തുടർന്ന്, സൈനികരുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനമായ ബമാകോയിൽ സൈനിക ക്യാമ്പിന് പുറത്ത് ഴൻ പ്രക്ഷോഭമാണ് നടന്നത്. ഇതിന് പിന്നാലെയാണ് വീണ്ടുമൊരു വൻ ആക്രമണമുണ്ടാകുന്നത് എന്നത് സർക്കാരിന് വലിയ തലവേദനയാവുകയാണ്.

Follow Us:
Download App:
  • android
  • ios