കൊലപാതകം, മൃതദേഹം ഒളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനായി കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.
ബാങ്കോക്ക്: തായ്ലന്‍ഡിലെ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയില്‍ പതിനേഴുകാരിയായ തായ് പെണ്‍കുട്ടിയെ കൊലപ്പെടുത്തി ട്രാവല്‍ ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ നാല്‍പ്പതുകാരനായ ഓസ്ട്രേലിയന്‍ പൗരനെ തായ്ലന്‍ഡ് പോലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി സൈമണ്‍ പീറ്റര്‍ കാര്‍മാന്‍ ബാങ്കോക്ക് സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.
കൊലപാതകം, മൃതദേഹം ഒളിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനായി കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. പട്ടായയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പെണ്‍കുട്ടിയോടൊപ്പം പ്രതി ചെല്ലുന്നതും മണിക്കൂറുകള്‍ക്ക് ശേഷം വലിയൊരു ട്രാവല്‍ ബാഗുമായി ഇയാള്‍ തനിച്ചു പുറത്തേക്ക് വരുന്നതും അടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതി ഈ ബാഗ് ഒരു മോട്ടോര്‍ സൈക്കിളില്‍ കയറ്റി റെയില്‍വേ ട്രാക്കിന് സമീപമുള്ള വിജനമായ കാട്ടുപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പ്രതിക്ക് തായ്ലന്‍ഡിലെ വധശിക്ഷ തന്നെ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് പെണ്‍കുട്ടിയുടെ രണ്ടാനമ്മയും പോലീസിനോട് ആവശ്യപ്പെട്ടു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


