ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ഒച്ചവെക്കാന്‍ കഴിയുന്ന വ്യക്തി എന്ന ഗിന്നസ് ലോക റെക്കോര്‍ഡാണ് കാന്‍ബെറ സ്വദേശിയായ ജോസഫ് മക്‌ഗ്രെയ്ല്‍ സ്വന്തമാക്കിയത്

മെല്‍ബണ്‍: ഒരു വിമാനം ലാന്‍ഡ് ചെയ്യുമ്പോഴോ പറന്നുയരുമ്പോഴോ ഉണ്ടാകുന്ന ശബ്ദത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്ന് നമുക്കറിയാം. അത്തരമൊരു ശബ്ദമുണ്ടാക്കാന്‍ ഒരു മനുഷ്യന് സാധിക്കുമോ?

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയക്കാരനായ ഒരു 58-കാരന്‍. ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ഒച്ചവെക്കാന്‍ കഴിയുന്ന വ്യക്തി എന്ന ഗിന്നസ് ലോക റെക്കോര്‍ഡാണ് കാന്‍ബെറ സ്വദേശിയായ ജോസഫ് മക്‌ഗ്രെയ്ല്‍ സ്വന്തമാക്കിയത്. 'നൗ' എന്ന് അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞപ്പോള്‍ രേഖപ്പെടുത്തിയത് 122.4 ഡെസിബെല്‍ ശബ്ദമാണ്. പറന്നുയരുന്ന ജെറ്റ് വിമാനം, തൊട്ടടുത്തു കൂടെ പോകുന്ന ആംബുലന്‍സിന്റെ സൈറണ്‍ എന്നിവ പുറപ്പെടുവിക്കുന്നത്ര വലിയ ശബ്ദമാണിത്.

1994-ല്‍ വടക്കന്‍ അയര്‍ലന്‍ഡിലെ സ്‌കൂള്‍ അധ്യാപികയായ അന്നലീസ ഫ്‌ലാനഗന്‍ സ്ഥാപിച്ച 121.7 ഡെസിബെലിന്റെ റെക്കോര്‍ഡാണ് ജോസഫ് തകര്‍ത്തത്. അന്ന് 'ക്വയറ്റ്' എന്ന് ഉച്ചത്തില്‍ നിലവിളിച്ചായിരുന്നു അന്നലീസ റെക്കോര്‍ഡ് ഇട്ടത്.

എയര്‍കണ്ടീഷണറുകള്‍ വൃത്തിയാക്കുന്ന ജോലിയാണ് ജോസഫിന്. കാന്‍ബെറയിലെ ഔദ്യോഗിക വിളംബര ജോലി കൂടി അദ്ദേഹത്തിനുണ്ട്. 2017-ലാണ് പ്രാദേശിക ഭരണകൂടം അദ്ദേഹത്തെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. സാമൂഹ്യ പരിപാടികളിലും വിദ്യാലയങ്ങളിലെ ചടങ്ങുകളിലും ഉച്ചത്തില്‍ വിളംബരം നടത്തുന്നതാണ് ഈ ജോലി.

ഗിന്നസ് ബുക്ക് പരിശോധിച്ചപ്പോഴാണ് ഉച്ചത്തില്‍ നിലവിളിക്കുന്നവരുടെ റെക്കോര്‍ഡിനെക്കുറിച്ച് ജോസഫ് അറിയുന്നത്. 'ഈ റെക്കോര്‍ഡിനായി മുന്‍കൂട്ടി പരിശീലിക്കുക എന്നത് അസാധ്യമാണ്. റെക്കോര്‍ഡ് എടുക്കുന്ന ദിവസം, മുഴുവന്‍ ഊര്‍ജ്ജവും സംഭരിച്ച് ഒറ്റവിളി വിളിക്കുകയേ നിവര്‍ത്തിയുള്ളൂ. 'നൗ' എന്ന ഒരൊറ്റ വാക്ക് കൃത്യമായി റെക്കോര്‍ഡ് ചെയ്യാന്‍ എനിക്ക് ഏഴ് തവണ ശ്രമിക്കേണ്ടി വന്നു. അതിനുശേഷം അടുത്ത കുറച്ചു ദിവസത്തേക്ക് ശബ്ദം പൂര്‍ണ്ണമായും അടഞ്ഞുപോയി'- ജോസഫ് തന്റെ അനുഭവം പങ്കുവെച്ചു.

നേരത്തെ റെക്കോര്‍ഡ് നേടിയിരുന്ന അന്നലീസ ഇപ്പോഴും ലോകത്തിലെ ഏറ്റവും ഉച്ചത്തില്‍ ഒച്ചവെക്കുന്ന സ്ത്രീ ആയി തുടരുന്നതില്‍ സന്തോഷമുണ്ടെന്നും, താന്‍ ലോകത്തിലെ ഏറ്റവും ശബ്ദമുള്ള 'പുരുഷന്‍' ആണെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

മേയ് രണ്ടിന് കാന്‍ബെറയിലെ ഒരു റേഡിയോ സ്റ്റുഡിയോയില്‍ വെച്ച് അക്കോസ്റ്റിക് എഞ്ചിനീയറുടെയും സാക്ഷികളുടെയും സാന്നിധ്യത്തിലായിരുന്നു ശബ്ദം റെക്കോര്‍ഡ് ചെയ്തത്. ഇത് പരിശോധിച്ച ശേഷമാണ് ഗിന്നസ് അധികൃതര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ജോസഫ് ലോക റെക്കോര്‍ഡ് സ്വന്തമാക്കുന്നത് ഇതാദ്യമായല്ല. 2019-ല്‍ ഏറ്റവും വേഗത്തില്‍ 10 അമ്പുകള്‍ എയ്യുന്ന വില്ലാളി എന്ന റെക്കോര്‍ഡും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. എന്നാല്‍ 9 മാസങ്ങള്‍ക്ക് ശേഷം ഒരു ഏഴ് വയസ്സുകാരന്‍ ആ റെക്കോര്‍ഡ് തകര്‍ത്തു. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണെന്നും ആരെങ്കിലും തന്റെ ഈ പുതിയ റെക്കോര്‍ഡ് തകര്‍ത്താല്‍ തനിക്ക് സന്തോഷമേയുള്ളൂ എന്നും ജോസഫ് പറയുന്നു.