വാഷിംഗ്ടണ്‍: അമേരിക്കയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്തോ അമേരിക്കന്‍ യുവതിയുടെ മരണകാരണം കണ്ടെത്താനാകാതെ പൊലീസ്. പോസ്റ്റ്മോര്‍ട്ടത്തിലും മരണകാരണം കണ്ടെത്താനായില്ല. രണ്ടാഴ്ചയായി കാണാതായ സറീല്‍ എന്ന 35 കാരിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കാറിനുള്ളില്‍ പുതപ്പില്‍ പൊതിഞ്ഞുകെട്ടിയ രീതിയില്‍ കണ്ടെത്തിയത്. 

മൃതദേഹത്തില്‍നിന്ന് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ മൃതദേഹം എങ്ങനെ കാറിന്‍റെ ഡിക്കിയില്‍ പൊതിഞ്ഞുകെട്ടിയ രീതിയില്‍ വന്നുവെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. അസ്വാഭാവിക മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

2019 ഡിസംബര്‍ 30നാണ് സറീലിനെ കാണാതായത്. ദിവസങ്ങളായി തുടരുന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തെയിത്. പുതപ്പില്‍ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ചിക്കാഗോയിലെ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ നിന്നാണ് കാര്‍ ലഭിച്ചത്. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

ഗുജറാത്തില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ അഷ്റഫ് ദാബാവാലയുടെ മകളാണ് സറീല്‍. പ്രദേശത്തെ അറിയപ്പെടുന്ന ഡോക്ടറാണ് അദ്ദേഹം. സറീലിനെ കാണാതായതോടെ യുവതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10000 ഡോളര്‍ പാരിതോഷികം ദാബാവാല കുടുംബം പ്രഖ്യാപിച്ചിരുന്നു.