1981-ൽ ഒരു വധശ്രമത്തെ അതിജീവിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിക്ക് അതിൽ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു. ഒരു ടേപ്പ് റെക്കോർഡറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അദ്ദേഹത്തിന് പരിക്കേറ്റത്. 

ദില്ലി: ആയത്തുള്ള അലി ഖമനെയി 40 വർഷത്തോളം തന്റെ വലതുകൈ മറച്ചുവെച്ചാണ് പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വെറുതെയായിരുന്നില്ല, അദ്ദേഹത്തിന്റെ ഈ ശൈലി രൂപപ്പെട്ടതിന് പിന്നിൽ പ്രത്യേക കാരണമുണ്ട്. ഇറാന്റെ സുപ്രീം നേതാവാകുന്നതിന് എട്ട് വർഷം മുമ്പ്, അന്നത്തെ പ്രസിഡന്റായിരുന്ന ഖമനെയി ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. അന്ന് സംഭവിച്ച പരിക്കിനെ തുടർന്നാണ് എന്നെന്നേക്കുമായി അദ്ദേഹം വലതുകൈ മറച്ചത്.

1981 ജൂൺ 27 ന്, ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ മുൻനിരയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അദ്ദേഹം പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തി. പ്രാർത്ഥനകൾക്ക് ശേഷം, അദ്ദേഹം തന്റെ അനുയായികളോട് സംസാരിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. ഇതിനിടെ ഇടത്തരം ഉയരവും ചുരുണ്ട മുടിയും താടിയും ചെക്ക് കോട്ടും ധരിച്ച ചെറുപ്പക്കാരൻ, പ്രഭാഷണം റെക്കോർഡ് ചെയ്യാനെന്ന മട്ടിൽ ഖമനെയിയുടെ മുന്നിലുള്ള മേശപ്പുറത്ത് ഒരു ടേപ്പ് റെക്കോർഡർ വച്ചിട്ട് ഒരു ബട്ടൺ അമർത്തി. ഏകദേശം ഒരു മിനിറ്റിനുശേഷം, റെക്കോർഡർ വിസിൽ മുഴക്കാൻ തുടങ്ങുകയും പൊട്ടിത്തെറിക്കുകയും ചെയ്തു.

ടേപ്പ് റെക്കോർഡറിന്റെ ഉൾവശത്തെ ഭിത്തിയിൽ സന്ദേശം ഇങ്ങനെയായിരുന്നു, "ഇസ്ലാമിക് റിപ്പബ്ലിക്കിന് ഫുർഖാൻ ഗ്രൂപ്പിന്റെ സമ്മാനം." ഭരണകക്ഷിക്കെതിരെയുള്ള തീവ്രവാദ വിഭാ​ഗമായിരുന്നു ഫുർഖാൻ ​ഗ്രൂപ്. ഈ സംഭവത്തിൽ വലതു കൈയ്ക്കും, വോക്കൽ കോഡുകൾക്കും, ശ്വാസകോശത്തിനും ​ഗുരുതരമായി പരിക്കേറ്റ ഖമനെയി ചികിത്സയിലായി. സുഖം പ്രാപിക്കാൻ നിരവധി മാസങ്ങളെടുത്തു. ചില മുറിവുകൾ ഭേദമായെങ്കിലും, വലതു കൈ എന്നെന്നേക്കുമായി തളർന്നു. എനിക്ക് കൈ വേണ്ട. എന്റെ തലച്ചോറും നാവും പ്രവർത്തിച്ചാൽ മതി- പിന്നീട് ഖമനെയി പറഞ്ഞു. ഇടതു കൈകൊണ്ട് എഴുതാൻ പഠിച്ച അദ്ദേഹം പിന്നീട് നേതൃത്വ വലയത്തിലെ അംഗമായി ഉയർന്നു. പതിറ്റാണ്ടുകളായി ഇറാന്റെ രാഷ്ട്രീയ, മത ജീവിതത്തിൽ ഖമനെയി ആധിപത്യം സ്ഥാപിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യ, കുട്ടികൾ, പേരക്കുട്ടികൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ പരിമിതമായി തുടർന്നു.

ഭാര്യ മൻസൂരേ ഖോജസ്‌തേ ബാഗർസാദെയും ആറ് കുട്ടികളുമാണ് കുടുംബത്തിൽ. ചില ബന്ധുക്കൾ വിദേശത്ത് താമസിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ അടുത്ത കുടുംബം ഇറാനിൽ തന്നെയാണ് താമസിക്കുന്നത്. 86 വയസ്സുള്ള ഖമേനി 35 വർഷം ഇറാനെ നയിച്ചു. ‌