‘രക്തസാക്ഷിയായ ഖമനയിയുടെ ചോരയ്ക്ക് പ്രതികാരം’ എന്ന ഹാഷ്‌ടാഗോടെയാണ് ഇറാൻ മാധ്യമങ്ങൾ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.  വിലാപയാത്രയിൽ പ്രസംഗിച്ച പ്രമുഖ ഇറാനി കവി മുഹമ്മദ് റസൂലി, ട്രംപിനെ വധിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു. "

ടെഹ്റാൻ: ഇറാന്‍റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കി കൂറ്റൻ ബാനർ. ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിയ ചുവന്ന ബാനർ ജനക്കൂട്ടം ഉയർത്തിപ്പിടിക്കുകയായിരുന്നു. 'ട്രംപിനെ വധിക്കുക' എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് ലക്ഷക്കണക്കിന് ആളുകൾ വിലാപയാത്രയിൽ പങ്കെടുത്തത്. ട്രംപിന്റെ തലയ്ക്ക് 100 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിക്കുന്ന ബാനറുകളും വിലാപയാത്രയിൽ ചിലർ ഉയർത്തിയിട്ടുണ്ട്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ‘രക്തസാക്ഷിയായ ഖമനയിയുടെ ചോരയ്ക്ക് പ്രതികാരം’ എന്ന ഹാഷ്‌ടാഗോടെയാണ് ഇറാൻ മാധ്യമങ്ങൾ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിലാപയാത്രയിൽ പ്രസംഗിച്ച പ്രമുഖ ഇറാനി കവി മുഹമ്മദ് റസൂലി, ട്രംപിനെ വധിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തു. "നമ്മുടെ നേതാവിനെ കൊന്നവനെ നമ്മൾ എന്തുകൊണ്ട് കൊലപ്പെടുത്തുന്നില്ല? ലോകത്തിലെ ഏറ്റവും നികൃഷ്ടനായ മനുഷ്യൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് നമുക്ക് അപമാനമാണ്," റസൂലി പറഞ്ഞു. അതേസമയം ഇറാനിലെ മുഴുവൻ ഉന്നത നേതൃത്വവും ഈ വിലാപയാത്രയ്ക്കായി ഒത്തുകൂടിയിട്ടുണ്ടെന്നും, അമേരിക്ക വിചാരിച്ചാൽ ഒരൊറ്റ ആക്രമണത്തിൽ ഇവരെ മുഴുവൻ ഇല്ലാതാക്കാൻ കഴിയുമെന്നും ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. എന്നാൽ തങ്ങൾ അതിന് മുതിരുന്നില്ലെന്നും, നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ തുറന്നിടാനാണ് താല്പര്യമെന്നും അദ്ദേഹം ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇറാൻ പതാകകളും ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും പച്ചയും കൊടികളുമേന്തി ലക്ഷക്കണക്കിന് ജനങ്ങളാണ് വിലാപയാത്രയിൽ അണിനിരന്നത്. കഴിഞ്ഞ ഫെബ്രുവരി 28-നുണ്ടായ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. ടെഹ്റാനിലെ അദ്ദേഹത്തിന്റെ വസതിക്കു നേരെയായിരുന്നു ആക്രമണം. ഇതോടെയാണ് ഇറാനും യുഎസ്-ഇസ്രയേൽ സഖ്യവും തമ്മിൽ യുദ്ധം ആരംഭിച്ചത്. ആക്രമണത്തിൽ ഖമനയിയുടെ മകൾ, മരുമകൻ, കൊച്ചുമകൻ എന്നിവരും കൊല്ലപ്പെട്ടിരുന്നു. മൂന്നു പതിറ്റാണ്ടിലേറെ ഇറാനെ നയിച്ച നേതാവായിരുന്നു ഖമനേയി. ഖമനയിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റെങ്കിലും, സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം പിതാവിന്റെ വിലാപയാത്ര ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.