ആയിരക്കണക്കിന് ആളുകളാണ് അയയെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്.
സിറിയ തുര്‍ക്കി ഭൂകമ്പം ദുരന്തം വിതച്ച മണ്ണിൽ നിന്ന് അതിജീവനത്തിന്റെ ചില അത്ഭുതവാർത്തകൾ കൂടി പുറത്തുവരുന്നുണ്ട്. അതിലൊന്നാണ് അയ എന്ന പെൺകുഞ്ഞ്. അയ എന്ന വാക്കിന്റെ അർത്ഥം തന്നെ അറബിയിൽ 'ദൈവത്തിന്റെ അടയാളം' എന്നാണ്. തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ തകർന്നു വീണ നാലുനിലക്കെട്ടിടത്തിനുള്ളിൽ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ ചോരക്കുഞ്ഞിനെ ലഭിക്കുന്നത്. ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽ പെട്ടുപോയ ഗർഭിണി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. കണ്ടെത്തുമ്പോൾ കുഞ്ഞിന്റെ പൊക്കിൾക്കൊടി അറ്റിരുന്നില്ല. സെഹാൻ ആശുപത്രിയിലെ നഴ്സുമാരാണ് കുഞ്ഞിന് അയ എന്ന് പേര് നൽകിയത്. ഇതിനകം നിരവധി പേരാണ് കുഞ്ഞിനെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.
ജിൻഡാരിസിലെ ഭൂകമ്പത്തിൽ അമ്മയും അച്ഛനും നാല് സഹോദരങ്ങളും അയക്ക് നഷ്ടമായി. കെട്ടിടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുക്കുമ്പോൾ വളരെ മോശം അവസ്ഥയിലായിരുന്നു ഈ കുഞ്ഞ്. നേരിയ രീതിയിൽ മാത്രം ശ്വസിക്കുകയും ദേഹത്ത് പരിക്കുകളുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടതായി അവളെ പരിപാലിക്കുന്ന ശിശുരോഗ വിദഗ്ധൻ ഹാനി മറൂഫ് വ്യക്തമാക്കി. അയയെ രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് അയയെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്.
തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരണം 20,000 കടന്നുവെന്ന സങ്കടകരമായ വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്. ഇതിനിടെ പ്രത്യാശയുടെ വെളിച്ചം പകര്‍ന്നുകൊണ്ട് ചില വീഡിയോകളും ഫോട്ടോകളുമെല്ലാം ഇവിടെ നിന്ന് പുറത്തുവരുന്നുണ്ട്. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ ജീവനോടെ രക്ഷപ്പെടുത്തിയെടുക്കുന്നതാണ് ഈ വീഡിയോകളിലും ചിത്രങ്ങളിലുമെല്ലാം നാം കാണുന്നത്.
കൂറ്റൻ കോണ്‍ക്രീറ്റ് കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നും ഒരു സംഘം രക്ഷാപ്രവര്‍ത്തകര്‍ ഒരു കുഞ്ഞിനെ ഉയര്‍ത്തിയെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാല്‍ ദുരന്തത്തിന്‍റെ വ്യാപ്തിയോ, തനിക്കെന്താണ് സംഭവിച്ചതെന്നോ അറിയാതെ ആളുകളെ കണ്ട സന്തോഷത്തില്‍ ചിരിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുകയാണ് കുഞ്ഞ്. ജീവനോടെ കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിച്ചതിലെ ചാരിതാര്‍ത്ഥ്യവും അതോടൊപ്പം തന്നെ ജീവന്‍ പിടിച്ചുവച്ച് കുഞ്ഞ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എങ്ങനെ അതിജീവിച്ചുവെന്ന അത്ഭുതവും കൊണ്ട് വൈകാരികമായൊരു അവസ്ഥയിലൂടെ കടന്നുപോവുകയാണ് രക്ഷാപ്രവര്‍ത്തകര്‍.
തുർക്കി ഭൂകമ്പം: മരണം 22000 കടന്നു; രക്ഷപ്പെട്ടവർക്ക് കൊടും ശൈത്യം വെല്ലുവിളി
