ഫാക്ട്-ചെക്കിംഗ്, കണ്ടൻ്റ് മോഡറേഷൻ തുടങ്ങിയ ജോലികൾ ചെയ്യുന്നവർക്ക് വിസ നിഷേധിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം യുഎസ് എംബസികൾക്ക് നിർദ്ദേശം നൽകി. ഈ പുതിയ നിയന്ത്രണം എച്ച്-1ബി വിസയെ ആശ്രയിക്കുന്ന ഇന്ത്യൻ ടെക് പ്രൊഫഷണലുകളെ കാര്യമായി ബാധിച്ചേക്കാം.
വാഷിങ്ടൺ: ഫാക്ട്-ചെക്കിംഗ്, കണ്ടൻ്റ് മോഡറേഷൻ, നിയമ പാലനം, ഓൺലൈൻ സുരക്ഷാ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ വിസ അപേക്ഷകൾ നിരസിക്കാൻ യുഎസ്. എംബസി ഉദ്യോഗസ്ഥർക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം നിർദ്ദേശം നൽകി. ഈ പുതിയ വിസ നിയന്ത്രണങ്ങൾ ടെക് മേഖലയിലെ വിദേശ തൊഴിലാളികളെ, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ, കാര്യമായി ബാധിക്കുമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് മെമ്മോയിൽ നിന്ന് വ്യക്തമാക്കുന്നത്. ഇന്ത്യൻ ടെക് തൊഴിലാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിസ വിഭാഗമാണ് എച്ച്-1ബി വിസ. ഈ പുതിയ നിയമപ്രകാരം, എച്ച്-1ബി വിസ അപേക്ഷകർക്ക് അവരുടെ മുൻ ജോലിയുടെ അടിസ്ഥാനത്തിൽ വിസ നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. 'യുഎസിന്റെ പ്രതികരണങ്ങ സെൻസർഷിപ്പ് ചെയ്യുന്നതിനോ അല്ലെങ്കിൽ സെൻസർഷിപ്പ് ചെയ്യാൻ ശ്രമിക്കുന്നതിനോ ഉത്തരവാദികളായതോ അതിന് കൂട്ടുനിന്നവരോ ആയ ആർക്കും വിസ നിഷേധിക്കാൻ" പുതിയ നിർദ്ദേശം കോൺസുലാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നുവെന്നാണ് ഉത്തരവ്. മാധ്യമപ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും ഉൾപ്പെടെ എല്ലാ തരം വിസകൾക്കും ഈ നിർദ്ദേശം ബാധകമാണ്.
എങ്കിലും, ടെക്നോളജി, സോഷ്യൽ മീഡിയ മേഖലകളിലെ വിദഗ്ദ്ധർക്ക് നൽകുന്ന എച്ച്-1ബി വിസകളെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. അപേക്ഷകരുടെ പ്രൊഫഷണൽ ചരിത്രങ്ങൾ, ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ ഫാക്ട് ചെക്ക്, കണ്ടൻ്റ് മോഡറേഷൻ, നിയമ പാലനം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കും. ഇത്തരം റോളുകളിൽ പ്രവർത്തിച്ചതിൻ്റെ തെളിവുകൾ വിസ അയോഗ്യതയ്ക്ക് കാരണമാകും. എച്ച്-1ബി വിസ ഉടമകളിൽ ഏകദേശം 70 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. കണ്ടൻ്റ് മോഡറേഷൻ, ഫാക്ട് ചെക്കിംഗ്, ഓൺലെെൻ സേഫ്റ്റി ജോലികൾ എന്നിവ യുഎസ് ടെക് കമ്പനികൾ ഉൾപ്പെടെ പല കമ്പനികളും വിദേശത്ത് നിന്ന്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന്, വലിയ തോതിൽ ഔട്ട്സോഴ്സ് ചെയ്യുന്ന റോളുകളാണ്. ഈ പുതിയ നയം ആയിരക്കണക്കിന് ഇന്ത്യൻ ടെക് പ്രൊഫഷണലുകളുടെ യു.എസ് തൊഴിൽ സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കാം.
ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട്
അമേരിക്കൻ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് ട്രംപ് ഭരണകൂടം വാദിക്കുന്നത്. "അമേരിക്കക്കാരെ സെൻസർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശികൾക്കെതിരെ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഭരണകൂടം പ്രതിരോധിക്കുമെന്ന് വ്യക്തമാക്കുന്നു. അമേരിക്കക്കാരെ നിശ്ശബ്ദരാക്കാൻ സെൻസർമാരായി പ്രവർത്തിക്കാൻ വരുന്ന വിദേശികളെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല," എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് വ്യക്തമാക്കി. അതേസമയം,ട്രസ്റ്റ് ആൻഡ് സേഫ്റ്റി ജോലികളെ 'സെൻസർഷിപ്പ്' ആയി കണക്കാക്കുന്നതിനെതിരെ ശക്തമായ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. "ട്രസ്റ്റ് ആൻഡ് സേഫ്റ്റി എന്നത് കുട്ടികളെ ലൈംഗിക ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ തടയുക, തട്ടിപ്പുകൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവ തടയുക തുടങ്ങിയ ജീവൻ രക്ഷിക്കുന്ന നിർണായക ജോലികൾ ഉൾപ്പെടുന്ന വിശാലമായ മേഖലയാണ്. ഈ രംഗത്തെ ആഗോള തൊഴിലാളികൾ അമേരിക്കക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു," എന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. ഈ നയം, കണ്ടൻ്റ് റെഗുലേഷനും രാഷ്ട്രീയ പക്ഷപാതിത്വവും തമ്മിലുള്ള അതിർവരമ്പ് അവ്യക്തമാക്കുമെന്നും, നിയമപരവും സാങ്കേതികപരവുമായ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് വിസ നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും വിമർശനമുണ്ട്.


