'ഒരു വലിയ കാര്യം സംഭവിച്ചു'വെന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അമേരിക്കൻ സമയം രാവിലെ ഒമ്പത് മണിക്ക് വാർത്താസമ്മേളനമുണ്ടെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കി. 

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ഐസിസ് തലവൻ അബൂബക്കര്‍ അല്‍- ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വിവരം. സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ അബൂബക്കര്‍ അല്‍- ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയാണ് സിറിയയിലെ അബൂബക്കര്‍ അല്‍- ബാഗ്ദാദിയുടെ താവളം കണ്ടെത്തിയത്. തുടര്‍ന്ന് ബാഗ്ദാദിയുടെ താവളം ലക്ഷ്യംവെച്ച് ആക്രമണം നടത്തിയെങ്കിലും പിടിക്കപ്പെടുന്നതിന് മുമ്പ് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ അധികരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന സ്ഥിരീകരണം ഇതുവരേയും ഉണ്ടായിട്ടില്ല. വൈറ്റ് ഹൗസ് വൃത്തങ്ങളും അമേരിക്കൻ മാധ്യമങ്ങൾക്ക് കൃത്യമായ പ്രതികരണം നൽകിയിട്ടില്ല. ഡിഎന്‍എ, ബയോമെട്രിക് ടെസ്റ്റുകളുകളുടെ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ പിന്നീടാവും ബാഗ്ദാദിയുടെ മരണത്തില്‍ സ്ഥിരീകരണമുണ്ടാകുക. 

അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ലക്ഷ്യം വെച്ച് ട്രംപിന്‍റെ അനുമതിയോടെ അമേരിക്ക രഹസ്യഓപ്പറേഷൻ നടത്തിയെന്നത് സൈനികവൃത്തങ്ങളോട് ആദ്യം സ്ഥിരീകരിച്ചത് അമേരിക്കൻ മാധ്യമമായ 'ന്യൂസ് വീക്കാ'ണ്. പിന്നാലെ ഒരു വലിയ കാര്യം സംഭവിച്ചുവെന്ന് ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തു. അമേരിക്കൻ സമയം രാവിലെ 9 മണിയോടെ ട്രംപ് വലിയ പ്രഖ്യാപനം നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. 

read moreഐസിസ് തലവൻ അൽ-ബാഗ്‍ദാദി കൊല്ലപ്പെട്ടു? ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് യുഎസ് മിലിട്ടറി

കഴിഞ്ഞ 5 വര്‍ഷത്തോളമായി ബാഗ്ദാദി ഒളിവിലാണ്. 2014-ലാണ് അവസാനമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിച്ചിരുന്നു.

Scroll to load tweet…

2017 മെയ് മാസത്തിൽ വ്യോമാക്രണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് നേരത്തെ യുഎസ് സൈന്യം വ്യക്തമാക്കിയിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ഏപ്രിലില്‍ ഐസിസ് മീഡിയാ വിഭാഗം ബാഗ്ദാദിയുടെ ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാല്‍ വീഡിയോയില്‍ കാണുന്നത് ബാഗ്ദാദിയാണോ എന്നതില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. അമേരിക്കയ്ക്ക് വലിയ തലവേദന സൃഷ്ടിച്ച ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യു.എസ്. വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചിരുന്നതാണ്.