ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി ബലൂച് നേതാവ് മിർ യാർ ബലൂച് അറിയിച്ചു. ലോകം ഇനി നിശബ്ദത പാലിക്കരുതെന്നും പാകിസ്ഥാൻ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്ലാമാബാദ്:  സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ 'പാകിസ്ഥാനല്ല ബലൂചിസ്ഥാന്‍'  എന്ന് ബലൂച് നേതാവ് മിർ യാർ ബലൂച്. ബലൂചിസ്ഥാനിലെ ജനങ്ങൾ അവരുടെ ദേശീയ വിധി തീരുമാനിച്ചെന്നും ലോകം ഇനി നിശബ്ദത പാലിക്കരുതെന്നും മിർ യാർ ആവശ്യപ്പെട്ടു. മിറിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ 'റിപബ്ലിക് ഓഫ് ബലൂചിസ്ഥാൻ' സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചു.

"പാകിസ്ഥാൻ അധിനിവേശ ബലൂചിസ്ഥാനിലുടനീളമുള്ള ബലൂച് ജനത തെരുവിലിറങ്ങിയിരിക്കുന്നു, ബലൂചിസ്ഥാൻ പാകിസ്ഥാനല്ലെന്നും ലോകത്തിന് ഇനി നിശബ്ദ കാഴ്ചക്കാരാകാൻ കഴിയില്ലെന്നുമുള്ള അവരുടെ വിധി പ്രസ്താവമാണിത്"- മിർ യാർ പറഞ്ഞു. ബലൂച് ജനതയെ പാകിസ്ഥാന്റെ സ്വന്തം ജനത എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്നും മിർ യാർ അഭ്യർത്ഥിച്ചു. 'ഞങ്ങൾ പാകിസ്ഥാനികളല്ല, ബലൂചിസ്ഥാനികളാണ്' എന്നും മിർ യാർ പറഞ്ഞു. പാക് അധിനിവേശ കശ്മീർ സംബന്ധിച്ച ഇന്ത്യയുടെ നിലപാടിന് മിർ യാർ പൂർണ്ണ പിന്തുണയും പ്രകടിപ്പിച്ചു. പ്രദേശം വിട്ടുപോകാൻ പാകിസ്ഥാനിൽ സമ്മർദ്ദം ചെലുത്താൻ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.

"പാകിസ്ഥാൻ പാക് അധീന കശ്മീരിൽ നിന്ന് പുറത്തുപോകണമെന്ന ഇന്ത്യയുടെ തീരുമാനത്തെ ബലൂചിസ്ഥാൻ പൂർണമായി പിന്തുണയ്ക്കുന്നു. പാകിസ്ഥാൻ സൈന്യത്തെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിയും. പാക് അധീന കശ്മീരിലെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിനാൽ രക്തച്ചൊരിച്ചിലിന് ഉത്തരവാദികൾ പാകിസ്ഥാന്‍റെ അത്യാഗ്രഹികളായ സൈനിക ജനറൽമാരായിരിക്കും" എന്ന് മിർ യാർ പറഞ്ഞു. 

ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് ഇന്ത്യയുടെയും ആഗോള സമൂഹത്തിന്റെയും അംഗീകാരവും പിന്തുണയും ബലൂച് നേതാക്കൾ അഭ്യർത്ഥിച്ചു. ബലൂചിസ്ഥാൻ വളരെക്കാലമായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തിരോധാനങ്ങൾ, കൊലപാതകങ്ങൾ, വിയോജിപ്പുകളെ നിശബ്ദമാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാത്തതിനാൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകം അറിയുന്നില്ല. അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയരുന്നുണ്ടെങ്കിലും കാര്യമായ ഇടപെടൽ ഇപ്പോഴും കുറവാണെന്ന് മിർ യാർ പറയുന്നു.

ദില്ലിയിൽ ബലൂച് എംബസി അനുവദിക്കണമെന്നാണ് മിർ യാർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചത്. ബലൂചിസ്ഥാനിലേക്ക് സമാധാന സേനയെ അയയ്ക്കാൻ ഐക്യരാഷ്ട്രസഭയോടും അഭ്യർത്ഥിച്ചു.

"നമ്മൾ നമ്മുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ബലൂചിസ്ഥാന്റെ ഔദ്യോഗിക ഓഫീസും ദില്ലിയിൽ എംബസിയും അനുവദിക്കണമെന്ന് ഞങ്ങൾ ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനും അതിനായി എല്ലാ യുഎൻ അംഗങ്ങളുടെയും ഒരു യോഗം വിളിക്കാനും ഞങ്ങൾ ഐക്യരാഷ്ട്രസഭയോട് അഭ്യർത്ഥിക്കുന്നു. കറൻസിക്കും പാസ്‌പോർട്ട് അച്ചടിക്കും വേണ്ടി ഫണ്ട് അനുവദിക്കണം"- എന്നാണ് മിർ യാർ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം