ദേശീയ സുരക്ഷാ പരിഗണനകളെ തുടർന്ന് ജെഎൻയു തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനെ പിന്തുണച്ചതിനെ തുടർന്ന് തുർക്കി വലിയ തിരിച്ചടികൾ നേരിടുന്നു.
ദില്ലി: തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കിയതായി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു). രാജ്യസുരക്ഷ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ജെഎൻയു അറിയിച്ചു. ജെഎൻയു രാജ്യത്തിനൊപ്പം എന്നും സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
"ദേശീയ സുരക്ഷ പരിഗണിച്ച് തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള ധാരണാപത്രം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയിരിക്കുന്നു"- എന്നാണ് ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം തുര്‍ക്കിയും അസര്‍ബൈജാനും പരസ്യമായി പാകിസ്ഥാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അതിനു ശേഷം വ്യാപാരം, ടൂറിസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലെല്ലാം വലിയ തിരിച്ചടിയാണ് തുര്‍ക്കിയും അസര്‍ബൈജാനും നേരിടുന്നത്.
പാകിസ്ഥാന് തുർക്കി ഡ്രോണുകൾ നൽകി സഹായിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വെടിനിര്‍ത്തൽ കരാറിന് പിന്നാലെ അധികം വൈകാതെ തന്നെ തുർക്കി വലിയ തിരിച്ചടികൾ നേരിട്ട് തുടങ്ങി. തുർക്കി ഉൽപ്പന്നങ്ങളുടെയും ടൂറിസത്തിന്റെയും ബഹിഷ്കരണ ആഹ്വാനങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടി. ഈസ്മൈട്രിപ്പ്, ഇക്സിഗോ പോലുള്ള യാത്രാ പ്ലാറ്റ്‌ഫോമുകൾ ഈ രാജ്യങ്ങളിലേക്കുള്ള യാത്രയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകി. ആപ്പിൾ, മാർബിൾ തുടങ്ങിയ തുർക്കി സാധനങ്ങളുടെ ഇറക്കുമതി ഇന്ത്യൻ വ്യാപാരികൾ കുറയ്ക്കാനും തുടങ്ങി.
തുർക്കിയിൽ നിന്നും മാർബിൾ, ആപ്പിൾ, സ്വർണ്ണം, പച്ചക്കറികൾ, ധാതു എണ്ണ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക് തുടങ്ങിയവയാണ് ഇറക്കുമതി ചെയ്യുന്നത്. തുർക്കിയുമായി ദീർഘകാല സാമ്പത്തിക സഹകരണ കരാറുകളുണ്ട്. 1973 ൽ ഉഭയകക്ഷി വ്യാപാര കരാർ ഒപ്പുവച്ചു. ഒരു ദശാബ്ദത്തിനുശേഷം 1983 ൽ ഇരു രാജ്യങ്ങളും ഇന്ത്യ - തുർക്കി സംയുക്ത സാമ്പത്തിക, സാങ്കേതിക സഹകരണ കമ്മീഷനും സ്ഥാപിച്ചിരുന്നു.
അസർബൈജാനിലേക്കും തുർക്കിയിലേക്കും ഉള്ള ബുക്കിംഗുകൾ 60 ശതമാനം കുറഞ്ഞു. അതേസമയം 250 ശതമാനമാണ് യാത്ര റദ്ദാക്കുന്നവരുടെ കണക്ക്. രാജ്യത്തോടും സായുധസേനയോടും ഒപ്പം എന്ന് പ്രഖ്യാപിച്ചാണ് പലരും യാത്രകൾ റദ്ദാക്കുന്നത്.


