ബംഗ്ലാദേശിൽ 2026 ഫെബ്രുവരി 12-ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് മത്സരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയപ്പോൾ, ജമാഅത്തെ ഇസ്ലാമിയുടെ പാർട്ടി സഖ്യമുണ്ടാക്കി മത്സരരംഗത്തുണ്ടാകും. 

ധാക്ക: ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് 2026 ഫെബ്രുവരി 12 ന് നടക്കുമെന്ന് രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എ.എം.എം. നാസിർ ഉദ്ദീൻ ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികൾ ഡിസംബർ 29-നകം പാർലമെന്റ് നാമനിർദ്ദേശ പത്രിക സമർപ്പിക്കണം. തെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി 20 ആണ്. മൊത്തം വോട്ടർമാരുടെ എണ്ണം 127.6 ദശലക്ഷത്തിലധികം വരും. വിദേശത്ത് താമസിക്കുന്ന ബംഗ്ലാദേശികൾക്ക് പോലും പോസ്റ്റൽ ബാലറ്റുകൾ വഴി വോട്ടുചെയ്യാൻ അനുവാദമുണ്ട്. ബംഗ്ലാദേശിലെ 300 പാർലമെന്റ് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ സർക്കാരിന് തിരിച്ചുവരുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് കമ്മീഷണർ പറഞ്ഞു. നിലവിൽ, മുഖ്യ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് ബംഗ്ലാദേശ് ഭരിക്കുന്നത്.

തുടക്കത്തിൽ, 2026 ഏപ്രിലിൽ തിരഞ്ഞെടുപ്പ് നടത്താനായിരുന്നു യൂനുസ് പദ്ധതിയിട്ടിരുന്നത്, എന്നാൽ അകത്തുനിന്നും പുറത്തുനിന്നുമുള്ള സമ്മർദ്ദം കാരണം 2026 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ തീരുമാനിച്ചു.

ഡിസംബറോടെ ദേശീയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആവശ്യപ്പെട്ടിരുന്നു. ജൂൺ 6 ന്, 2026 ഏപ്രിൽ ആദ്യ പകുതിയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് യൂനുസ് പറഞ്ഞു, എന്നാൽ ബിഎൻപി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, 2026 ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നു.

ജൂലൈയിലെ ദേശീയ ചാർട്ടറും തെരഞ്ഞെടുപ്പും നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ഒരു റഫറണ്ടം അതേ ദിവസം തന്നെ നടക്കുമെന്ന് യൂനുസ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനൊപ്പം ഒരു റഫറണ്ടം പ്രഖ്യാപിക്കുന്നതിനെ ബിഎൻപി എതിർത്തിരുന്നു. 2024 ഓഗസ്റ്റിൽ ധാക്കയിൽ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായ നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി) തെരഞ്ഞെടുപ്പിൽ മത്സരിക്കും. വലതുപക്ഷ ജമാഅത്തെ ഇസ്ലാമി പാർട്ടിയുടെ ഒരു ശാഖയായ അമർ ബംഗ്ലാദേശ് (എബി) പാർട്ടിയുമായി എൻസിപി സഖ്യം രൂപീകരിച്ചു.

2024 ഓഗസ്റ്റിൽ ധാക്കയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനുശേഷം, അവർക്ക് രാജ്യം വിട്ട് പലായനം ചെയ്യേണ്ടി വന്നു. ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു.

മത്സരിക്കുന്നതിൽ നിന്ന് വിലക്കിയതിനെത്തുടർന്ന്, നിയമവിരുദ്ധ സർക്കാരിന്റെ നിയമവിരുദ്ധ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് അവാമി ലീ​ഗ് വിശേഷിപ്പിച്ചു. നിയമവിരുദ്ധവും അധിനിവേശവും കൊലയാളി-ഫാസിസ്റ്റുമായ യൂനുസ് സംഘത്തിന്റെ നിയമവിരുദ്ധ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഷെഡ്യൂൾ സൂക്ഷ്മമായി പരിശോധിച്ചുവെന്നും പൂർണ്ണമായും പക്ഷപാതപരമാണെന്നും സുതാര്യതയോ വോട്ടർമാരുടെ ഇഷ്ടമോ പ്രതിഫലിപ്പിക്കുന്ന ഒരു അന്തരീക്ഷവും ഉറപ്പാക്കാൻ അവർക്ക് കഴിയില്ലെന്നും അവാമി ലീ​ഗ് വിമർശിച്ചു.