ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഷെയ്ഖ് അബ്ദുൾ ഹനാൻ ബംഗ്ലാദേശ് വ്യോമസേന മേധാവിയായി പ്രവർത്തിച്ചിരുന്നത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിലാണ് അബ്ദുൾ ഹനാനെ ബംഗ്ലാദേശ് ഭരണകൂടം പ്രതിചേർത്തിരിക്കുന്നത്.
ധാക്ക: ബംഗ്ലാദേശിലെ മുൻ വ്യോമസേന മേധാവി ഖത്തറിൽ അറസ്റ്റിലായി. ബംഗ്ലാദേശ് മുൻ എയർ ചീഫ് മാർഷ്യൽ ഷെയ്ഖ് അബ്ദുൾ ഹനാൻ ആണ് ഖത്തറിൽ പിടിയിലായത്. ബംഗ്ലാദേശിലെ അഴിമതിക്കേസിലാണ് നടപടി. ഇന്റർപോൾ നിർദേശപ്രകാരമാണ് ഖത്തർ അധികൃതർ ഒക്ടോബർ 15-ന് ഷെയ്ഖ് അബ്ദുൾ ഹനാനെ അറസ്റ്റ് ചെയ്തതെന്ന് ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ അറിയിച്ചു.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഷെയ്ഖ് അബ്ദുൾ ഹനാൻ ബംഗ്ലാദേശ് വ്യോമസേന മേധാവിയായി പ്രവർത്തിച്ചിരുന്നത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിലാണ് അബ്ദുൾ ഹനാനെ ബംഗ്ലാദേശ് ഭരണകൂടം പ്രതിചേർത്തിരിക്കുന്നത്. അബ്ദുൾ ഹനാന്റെ ഭാര്യയും കേസിൽ പ്രതിയാണ്. അതേസമയം, കേസെടുത്തതിന് പിന്നാലെ യാത്രാവിലക്ക് നിലനിൽക്കെ അബ്ദുൾ ഹനാൻ ബംഗ്ലാദേശിൽനിന്ന് കടന്നിരുന്നു. തുടർന്ന് ബംഗ്ലാദേശ് അധികൃതർ ഇന്റർപോളിനെ സമീപിക്കുകയായിരുന്നു.
അബ്ദുൾ ഹനാൻ 3.28 കോടി ബംഗ്ലാദേശി ടാക്കയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണ് അഴിമതി വിരുദ്ധ കമ്മീഷന്റെ കണ്ടെത്തൽ. ഇദ്ദേഹത്തിന്റെ പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകളിലൂടെ 27.63 കോടി ബംഗ്ലാദേശി ടാക്കയുടെ സംശയാസ്പദമായ ഇടപാടുകൾ നടന്നതായും അഴിമതി വിരുദ്ധ കമ്മീഷൻ പറയുന്നു. അബ്ദുൾ ഹനാന്റെ ഭാര്യ 1.91 കോടി ബംഗ്ലാദേശി ടാക്കയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും 32 ബാങ്ക് അക്കൗണ്ടുകളിലൂടെ സംശയാസ്പദമായ പണമിടപാടുകൾ നടത്തിയതായും കേസിൽ പറയുന്നുണ്ട്.


