ധാക്ക: പ്രവാചക നിന്ദ നടത്തിയെന്ന് പറയുന്നയാള്‍ക്കെതിരെ നടപടി എടുക്കാന്‍ നടത്തി പ്രകടനം ആക്രമസക്തമായതോടെ പൊലീസ് വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ ഭോലജില്ലയിലാണ് സംഭവം അരങ്ങേറിയത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ആയിരങ്ങളാണ് പ്രതിഷേധവുമായി ഞായറാഴ്ച ധാക്കയില്‍ നിന്നും 116 കിലോമീറ്റര്‍ അകലെ ഭോലയിലെ ബൊര്‍ഹാനുദ്ദീന്‍ നഗരത്തിലെ തെരുവില്‍ ഇറങ്ങിയത്. 

പ്രതിഷേധക്കാരുടെ പ്രകടനം ആക്രമാസക്തമായപ്പോഴാണ് പോലീസ് വെടിവെച്ചതെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 20000 പേരാണ് ബൊര്‍ഹാനുദ്ദീന്‍ നഗരത്തിലെ പ്രാര്‍ത്ഥന ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്ന് പിന്നീട് തെരുവിലേക്ക് പ്രകടനം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ വധശിക്ഷക്ക് വിധേയമാക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ നിയന്ത്രണം വിട്ടപ്പോള്‍ സ്വയരക്ഷക്ക് വേണ്ടിയാണ് വെടിവെച്ചതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. 

വെടിവെപ്പിൽ നാല് പേര്‍ കൊല്ലപ്പെട്ടെന്നും 50 പേര്‍ക്ക് പരിക്കേറ്റെന്നും അധികൃതര്‍ വ്യക്തമാക്കി. തുടർന്ന് സൈന്യത്തെ വിന്യസിച്ചാണ് ദ്വീപില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ മരണ സംഖ്യ ഏഴായി ഉയര്‍ന്നെന്നും 43 പേരുടെ നില അതിഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേ സമയം സംഭവത്തില്‍ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നാണ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീന അറിയിക്കുന്നത്. സംഘര്‍ഷങ്ങള്‍ എന്ത് വിലകൊടുത്തും അടിച്ചമര്‍ത്തുമെന്ന് ഷേയ്ക്ക് ഹസീന വ്യക്തമാക്കി. സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുവെന്ന് പറയുന്ന യുവാവിന്‍റെ അക്കൗണ്ട് ഒരാള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഹാക്ക് ചെയ്ത്, അക്കൗണ്ട് തിരിച്ചുവേണമെങ്കില്‍ 20,000 ബംഗ്ലാദേശ് കറന്‍സി ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ വിസമ്മതിച്ചതോടെ ഇയാളാണ് പ്രവാചകനെ അധിക്ഷേപിക്കുന്ന പോസ്റ്റ് ഇട്ടതെന്ന് വ്യക്തമായി - പ്രധാനമന്ത്രി പറഞ്ഞു.

ആരോപണ വിധേയമായ ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ ഉടമയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ഇയാള്‍ മൊഴി നല്‍കി. അതേ സമയം ബംഗ്ലാദേശില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സായുധസേനയെ സജ്ജമാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്ത ഏജന്‍സി പിടിഐ ധാക്ക പൊലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭോലയില്‍ റാലികളും പ്രകടനങ്ങളും നടത്തുന്നത് നിരോധിച്ചിട്ടുണ്ട്.