ബിജെപി വിജയിക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് വലിയ തോതിൽ അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്ന് ബംഗ്ലാദേശ് പാർലമെന്റ് അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുന്ന നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
ധാക്ക: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അടുത്തിരിക്കെ ഇന്ത്യയിൽ നിന്ന് വലിയ തോതിൽ ബംഗ്ലാദേശിലേക്ക് അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്ന് ബംഗ്ലാദേശ് പാർലമെന്റ് അംഗം അക്തർ ഹൊസൈൻ. ജമാഅത്തെ ഇസ്‌ലാമി പിന്തുണയുള്ള നാഷണൽ സിറ്റിസൺ പാർട്ടി നേതാവാണിദ്ദേഹം. അസം, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് ഈ പ്രസ്താവനയ്ക്ക് ആധാരം. ബംഗാളിലും അസമിലും ബിജെപി വിജയിക്കുമെന്ന പ്രവചനങ്ങൾ വരുന്നത് ചൂണ്ടിക്കാട്ടിയാണ് എംപി ആശങ്ക പങ്കുവച്ചത്.
അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് മുസ്ലീങ്ങളെ പുറത്താക്കി ബംഗ്ലാദേശിലേക്ക് അഭയാർത്ഥി പ്രതിസന്ധി അടിച്ചേൽപ്പിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന ബിജെപി നേതാക്കളുടെ പ്രസ്‌താവനകളാണ് ഇദ്ദേഹം ആരോപണത്തിന് അടിസ്ഥാനമായി ഉയർത്തിക്കാട്ടുന്നത്. അക്തർ ഹൊസൈന് പുറമെ പ്രതിപക്ഷ ചീഫ് വിപ്പ് നഹീദ് ഇസ്‌ലാം നഹീദും ആരോപണവുമായി രംഗത്ത് വന്നു. അതിർത്തിയിലൂടെ ഇന്ത്യ ആളുകളെ ബംഗ്ലാദേശിലേക്ക് തള്ളിവിടുന്നുവെന്നാണ് ആരോപണം. ഏകദേശം 4,000 പേരെ ഇത്തരത്തിൽ തള്ളിവിട്ടതായും വരും ദിവസങ്ങളിൽ ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
ബംഗ്ലാദേശിൽ 1971-ലെ വിമോചന യുദ്ധകാലത്തും 2024-ലെ പ്രക്ഷോഭ കാലത്തും രാജ്യം ഒന്നിച്ചുനിന്നതുപോലെ, പരമാധികാരത്തിന് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെയും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഇരുവരും പാർലമെൻ്റിൽ ആഹ്വാനം ചെയ്തു. അതിർത്തി മേഖലയിൽ നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ചും ബംഗ്ലാദേശ് പ്രതിപക്ഷ നേതാക്കൾ പാർലമെന്റിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങളും പൗരത്വ സംബന്ധമായ നയങ്ങളും ബംഗ്ലാദേശിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.


