ഇറാൻ-അമേരിക്ക സമാധാന ധാരണയെ തുടർന്ന് ഹോർമൂസ് കടലിടുക്ക് തുറന്നതോടെ 17 ലക്ഷം ബാരൽ എണ്ണയുമായി 55 കപ്പലുകൾ കടന്നുപോയി, ഇത് ലോക എണ്ണ വിപണിക്ക് വലിയ ആശ്വാസം നൽകുന്നതാണ്
ടെഹ്റാൻ: ഇറാൻ - അമേരിക്ക സമാധാന ധാരണയുടെ ഭാഗമായി ഹോർമൂസ് കടലിടുക്ക് തുറന്നതിൽ ലോകത്തിന് അത്രമേൽ വലിയ ആശ്വാസം. 55 കപ്പലുകളാണ് ഇന്ന് മാത്രം ഹോർമുസ് കടന്നത്. അമേരിക്കൻ സെൻട്രൽ കമാൻഡാണ് ഇക്കാര്യം അറിയിച്ചത്. 17 ലക്ഷം ബാരൽ എണ്ണ ഉടൻ തന്നെ വിപണിയിൽ എത്തുമെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമൂസ് ഇറാൻ അടച്ചത് ലോക വിപണിക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിച്ചത്. സമാധാന ധാരണക്ക് പിന്നാലെ ഹോർമൂസ് തുറന്നെങ്കിലും ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ വീണ്ടും അടയ്ക്കുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചത് വലിയ വെല്ലുവിളിയാണ്. അതേസമയം ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചെന്ന വാർത്തകൾക്കിടെ അമേരിക്ക - ഇറാൻ ചർച്ച നാളെ പുനരാരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്വിസർലൻഡിൽ എത്തുമെന്നാണ് സൂചന. ഇറാൻ സ്പീക്കർ എം ബി ഗാലിബാഫ് ചർച്ചയിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാക്, ഖത്തർ സംഘവും ചർച്ചകളിൽ പങ്കെടുക്കും.
ഇന്ത്യക്ക് ആശ്വാസമായി 'ദിഷ' എത്തി
യു എസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് കടലിടുക്ക് കടന്ന ആദ്യ ഇന്ത്യൻ കപ്പൽ ദിഷ ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് എത്തിയത് ഇന്ത്യക്ക് ആശ്വാസമായി. മൂന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് കപ്പൽ ഇന്ത്യൻ തീരത്ത് എത്തിയത്. വിദേശ കപ്പലുകളടക്കം ഇനി ഹോർമൂസിൽ നിന്ന് ഇന്ത്യയിലേക്ക് 34 കപ്പലുകള്‍ കൂടി എത്താനുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഹോർമൂസിൽ യു എസ് സൈനിക ഉപരോധം നീക്കിയതോടെ കപ്പൽ ഗതാഗതവും പുനസ്ഥാപിച്ചിരുന്നു. പിന്നാലെ ജൂൺ പതിനഞ്ചിനാണ് മാൾട്ട പതാക വഹിക്കുന്ന ദിഷ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇന്നലെ ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. 62370 മെട്രിക് ടൺ എൽ എൻ ജിയുമായിട്ടാണ് കപ്പൽ ഇന്ത്യൻ തീരത്ത് എത്തിയത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കപ്പൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ദിഷയ്ക്ക് ശേഷം മറ്റ് ഇന്ത്യൻ കപ്പലുകളൊന്നും ഹോർമൂസ് കടന്നിട്ടില്ല എന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. വിദേശകപ്പലുകളടക്കം 34 കപ്പലുകളാണ് നിലവില്‍ ഹോർമൂസിൽ ഉള്ളത്. ഇതിൽ 16 കപ്പലുകൾ രാസവളം നിറച്ചതും 15 എണ്ണം ഇന്ധനം നിറച്ചതുമാണ്. നിലവിൽ 13 ഇന്ത്യൻ കപ്പലുകൾ കടലിടുക്ക് കടക്കാൻ അനുമതി തേടിയിട്ടുണ്ട്. ഈ കപ്പലുകളിലാകെയായി 539 ഇന്ത്യക്കാർ ഹോർമൂസിൽ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഹോർമുസ് കടലിടുക്കും മറ്റ് പ്രശ്ന ബാധിത മേഖലകളും കടന്ന് പോകുന്ന ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ദഹേജ് തുറമുഖത്ത് നങ്കൂരമിട്ട ദിഷയുടെ വരവ് ഇന്ത്യയുടെ ഊർജ കാർഷിക വിപണിക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. കൂടുതൽ കപ്പലുകൾ ഹോർമൂസ് കടക്കുന്നതോടെ ഇന്ത്യയിലുണ്ടായ ഊർജ പ്രതിസന്ധിക്ക് അയവുവരും എന്നാണ് സർക്കാർ കരുതുന്നത്.
