ഇറാനിൽ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്റർനെറ്റ്, ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിച്ചു. മുൻ കിരീടാവകാശി റെസ പഹ്‌ലവിയുടെ ആഹ്വാനപ്രകാരം നിരവധിപേർ തെരുവിലിറങ്ങി പരമോന്നത നേതാവ് ഖമനേയിക്കെതിരെ മുദ്രാവാക്യം മുഴക്കി.
ദുബായ്: പ്രതിഷേധത്തിൽ ഇളകിമറിഞ്ഞ് ഇറാൻ. വ്യാഴാഴ്ച രാത്രി മുതൽ ഇറാനിൽ ഇന്റർനെറ്റ്, അന്താരാഷ്ട്ര ടെലിഫോൺ ബന്ധങ്ങൾ വിച്ഛേദിച്ചു. രാജ്യത്തെ നാടുകടത്തപ്പെട്ട കിരീടാവകാശി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ നിരവധിപേർ തെരുവിലിറങ്ങി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് തൊട്ടുമുമ്പ് ഇറാനിൽ നിന്ന് പലായനം ചെയ്ത കിരീടാവകാശി റെസ പഹ്‌ലവിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഷായെ പിന്തുണച്ച് നിരവധിപേർ രംഗത്തെത്തി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടേക്കാവുന്ന കുറ്റമായിരുന്നു ഷായെ അനുകൂലിക്കൽ.
ഇറാനിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉയർന്നുവന്ന പ്രകടനങ്ങൾ വ്യാഴാഴ്ചയും തുടർന്നു. പ്രതിഷേധക്കാർക്ക് പിന്തുണയുമായി കൂടുതൽ മാർക്കറ്റുകളും ബസാറുകളും അടച്ചുപൂട്ടി. അക്രമങ്ങളിൽ ഇതുവരെ 42 പേർ കൊല്ലപ്പെടുകയും 2,270 ൽ അധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി അറിയിച്ചു.
പ്രതിഷേധങ്ങൾ വർധിക്കുന്നത് സർക്കാരിനും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കും മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇന്റർനെറ്റ് സ്ഥാപനമായ ക്ലൗഡ്ഫ്ലെയറും അഭിഭാഷക ഗ്രൂപ്പായ നെറ്റ്ബ്ലോക്സും ഇന്റർനെറ്റ് തടസ്സം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് ഇറാനിലേക്കുള്ള ലാൻഡ്‌ലൈനുകളും മൊബൈൽ ഫോണുകളും ഡയൽ ചെയ്യാൻ ശ്രമിച്ചെങ്കിലും ബന്ധിപ്പിക്കാൻ കഴിഞ്ഞില്ലെന്നും പറയുന്നു. അതേസമയം, ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് സ്ഥിരീകരിച്ചില്ല. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രി 8 മണിക്കാണ് പഹ്‌ലവി പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തത്. പിന്നാലെ നിരവധി പേർ ഖമനേയിക്കെതിരെ മുദ്രാവാക്യം മുഴക്കി.
