സൂപ്പമാര്‍ക്കറ്റില്‍ ഷോപ്പിംഗിന് എത്തിയത് 50 ചെമ്മരിയാടുകൾ! വളരെ രസകരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കടയിൽ കയറിയ ആട്ടിൻപറ്റത്തെ പുറത്താക്കാൻ ജീവനക്കാര്‍ പെടാപാട് പെട്ടു.
ബെർലിൻ: വളരെ രസകരവും കൗതുകമുണർത്തുന്നതുമായൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ധാരാളം പേര്‍ ഈ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റിൽ ഷോപ്പിങ്ങിനെത്തിയത് ചെമ്മരിയാടുകൾ! അത്ഭുതപ്പെടേണ്ട, സംഭവം അങ്ങ് ജർമ്മനിയിലാണ്. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഓടിക്കയറിയ ചെമ്മരിയാട്ടിൻപറ്റത്തെ കണ്ട് സാധനങ്ങൾ വാങ്ങാൻ എത്തിയവർക്ക് വിശ്വസിക്കാനായില്ല.
തിരക്കിനിടയിലേക്ക് 50ഓളം ആടുകൾ ഒരു പ്രകോപനവുമില്ലാതെ കൂട്ടമായി ഓടി കയറിവരികയായിരുന്നു. ദക്ഷിണ ജർമ്മനിയിലെ ബർഗ്സിൻ എന്ന പട്ടണത്തിലെ 'പെന്നി' സൂപ്പർമാർക്കറ്റിലാണ് ഈ കൗതുകകരമായ സംഭവം നടന്നത്.
കടയ്ക്കുള്ളിൽ 20 മിനിറ്റ്
കൂട്ടത്തിൽ നിന്ന് വഴിതെറ്റിയെത്തിയ ആടുകൾ സൂപ്പർമാർക്കറ്റിലെ ഇടനാഴികളിലൂടെ ഏകദേശം 20 മിനിറ്റോളം ചുറ്റിക്കറങ്ങി. സാധനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഭാഗങ്ങളിലൂടെ ആടുകൾ നടക്കുന്നത് കണ്ട് ജീവനക്കാരും ഉപഭോക്താക്കളും ഒരുപോലെ അമ്പരന്നു. ആരോ തമാശയ്ക്ക് ചെയ്യുന്നതാണെന്നാണ് താൻ ആദ്യം കരുതിയതെന്ന് സ്റ്റോർ മാനേജർ യർഗൻ കിപ്പസ് പറഞ്ഞു.
ആടുകളെ പുറത്തെത്തിക്കാൻ ജീവനക്കാർ ആദ്യം ശ്രമിച്ചെങ്കിലും അവ വഴങ്ങിയില്ല. ഒടുവിൽ ബുദ്ധിപൂർവ്വം പ്രവർത്തിച്ച ഒരു ജീവനക്കാരൻ ക്യാഷ് രജിസ്റ്ററിൽ ഉച്ചത്തിൽ കൊട്ടിയതോടെ ശബ്ദം കേട്ട് ഭയന്ന ആടുകൾ ഓട്ടോമാറ്റിക് ഡോറിലൂടെ പുറത്തെ പാർക്കിംഗിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഭക്ഷണസാധനങ്ങൾ ഉള്ള ഭാഗത്തേക്ക് ആടുകൾ ഓടിയിരുന്നെങ്കിൽ അവയെ പുറത്താക്കാൻ വലിയ പ്രയാസമാകുമായിരുന്നുവെന്നും മാനേജർ പറഞ്ഞു. ആടുകൾ കടയ്ക്കുള്ളിൽ ചെറിയ രീതിയിലുള്ള അലങ്കോലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
സ്പോൺസർഷിപ്പ്
ആടുകളുടെ ഉടമയായ കർഷകനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കില്ലെന്ന് പെന്നി സൂപ്പർമാർക്കറ്റ് അധികൃതർ അറിയിച്ചു. എന്ന് മാത്രമല്ല, കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറിയ ഈ 50 ആടുകളെ ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്യുമെന്നും കമ്പനി പ്രഖ്യാപിച്ചു. സംഭവം നടന്ന ഉടൻ തന്നെ സൂപ്പർമാർക്കറ്റ് ശുചീകരിച്ചതായും അവർ വ്യക്തമാക്കി.


