മാനില: പതിനൊന്നുകാരി തന്റെ കഷ്ടപ്പാടുകൾക്കിടയിൽ നിന്നുകൊണ്ട് കായിക മത്സരങ്ങളില്‍ നേടിയ വിജയമാണ് ഇപ്പോൾ സൈബർ ലോകത്തിന്റെ ഹൃദയം കീഴടക്കിയിരിക്കുന്നത്. റിയ ബുല്ലേസ എന്നാണ് ഈ മിടുക്കിയുടെ പേര്. മറ്റുള്ള കുട്ടികൾ പുത്തൻ ഷൂകളുമായി മത്സരത്തിനിറങ്ങിയപ്പോൾ, ബാന്‍ഡേജ് ഷൂ പോലെ കാലില്‍ വരിഞ്ഞ് ചുറ്റിയാണ് റിയ ട്രാക്കിലിറങ്ങിയത്.

ഡിസംബര്‍ ഒമ്പതിന് നടന്ന ഫിലിപ്പീന്‍സിലെ ഇലോയ്‌ലോ സ്‌കൂള്‍സ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മീറ്റിലാണ് റിയ ബുല്ലേസ താരമായത്. കാലിൽ ബാൻഡേജ് വരിഞ്ഞ് കെട്ടിയതിന് പിന്നാലെ ‘നൈക്കി’ ഷൂവിന്റെ ചിഹ്നവും വരച്ചുവച്ചു ഈ മിടുക്കി. മറ്റുള്ള കുട്ടികൾ നോക്കി കളിയാക്കിയെങ്കിലും റിയ തന്റെ നിശ്ചയദാഢ്യത്തിലൂടെ പാഞ്ഞടുത്തത് സ്വർണത്തിളക്കത്തിലേക്കായിരുന്നു. മീറ്റിൽ നടന്ന മൂന്ന് ഇനങ്ങളിലാണ് ബാൻഡേജ് ഷൂവുമായി റിയ സ്വർണം സ്വന്തമാക്കിയത്. 400, 800, 1500 മീറ്റര്‍ ഓട്ടത്തിനായിരുന്നു റിയക്ക് ഒന്നാം സമ്മാനം ലഭിച്ചത്. 

കോച്ച് പ്രെഡ്രിക് ബി. വാലെന്‍സുവേലയാണ് ഫേസ്ബുക്കിലൂടെ റിയയുടെ ചിത്രം പങ്കുവച്ചത്. റിയയുടെ ബാന്‍ഡേജ് കൊണ്ടുള്ള ‘നൈക്കി’ ഷൂവിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ട് സംഭവം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ചിത്രം വൈറലായതിന് പിന്നാലെ നിരവധി പേരാണ് റിയക്ക് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റ് കണ്ടതിനു പിന്നാലെ ആദ്യം മുന്നോട്ട് വന്നത് ഫിലിപ്പീന്‍സിലെ പ്രശസ്ത ബാസ്‌കറ്റ് ബോള്‍ കോച്ച് ജെഫ് കാരിയാസോ ആയിരുന്നു. റിയയുടെ കോച്ചിന്റെ സുഹൃത്ത് വഴി ആവശ്യം വേണ്ട ഷൂവെല്ലാം അദ്ദേഹം എത്തിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സഹായം അവിടം കൊണ്ടും തീർന്നില്ല. വിവിധ ഇടങ്ങളിൽ നിന്നായി നിരവധി പേരാണ് റിയക്ക് സ്പോട്സിന് ആവശ്യമായ സാധനങ്ങൾ അയച്ചുകൊടുക്കുന്നത്.