Asianet News MalayalamAsianet News Malayalam

Lukashenko : ബെലാറസ് പ്രസിഡന്റ് ലുക്കാഷെങ്കോയെ ഇരുത്തിപ്പൊരിച്ച് ബിബിസി അവതാരകൻ

അഭിമുഖകാരനും അദ്ദേഹത്തിന്റെ മേലധികാരികൾക്കും തലയ്ക്ക് വെളിവില്ല എന്നാണ് ആ ചോദ്യത്തോട് പ്രസിഡന്റ് പ്രതികരിക്കുന്നത്.

bbc host roasts belarus president lukashenko
Author
Belarus, First Published Nov 23, 2021, 5:28 PM IST

ബെലാറസ്: ബെലാറസിന്റെ പ്രസിഡന്റായ അലക്‌സാണ്ടർ ലുക്കാഷെങ്കോ ഇക്കഴിഞ്ഞ ദിവസം ബിബിസിക്ക് ഒരു അഭിമുഖം അനുവദിക്കുകയുണ്ടായി. ഒരു മണിക്കൂറോളം നീണ്ടുനിന്ന ഈ അഭിമുഖത്തിൽ ബിബിസിയുടെ മോസ്‌കോ കറസ്‌പോണ്ടന്റ് ആയ സ്റ്റീവ് റോസൻബർഗ്, പ്രസിഡന്റ് ലുക്കാഷെങ്കോയെ ഏതാണ്ട് ഒരു മണിക്കൂറോളം നേരം തന്റെ ചോദ്യശരങ്ങളാൽ അക്ഷരാർത്ഥത്തിൽ ഇരുത്തിപ്പൊരിച്ചുകളഞ്ഞു. ബെലാറസിലെ പാലസ് ഓഫ് ഇൻഡിപെൻഡൻസിൽ വെച്ചായിരുന്നു ഈ വിവാദ അഭിമുഖം. 

എന്ത് ചോദ്യം വേണമെങ്കിലും ആകാം, ആത്മാർത്ഥമായ മറുപടികൾ പ്രതീക്ഷിക്കാം എന്നായിരുന്നു   ലുക്കാഷെങ്കോയുടെ നിലപാട്. ബെലാറസിലൂടെ യൂറോപ്പിലേക്ക് തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അഭയാർഥികളുടെ കുത്തൊഴുക്കിനെക്കുറിച്ചാണ് അഭിമുഖത്തിൽ പ്രധാനമായും ചോദ്യങ്ങൾ ഉയർന്നത്. അഭയാർഥികളിൽ ആരെയും തന്നെ യൂറോപ്പിലേക്ക് കടക്കുന്നതിൽ നിന്ന് തങ്ങൾ തടഞ്ഞിട്ടില്ല എന്ന് ഈ അഭിമുഖത്തിൽ  ലുക്കാഷെങ്കോ സമ്മതിക്കുന്നുണ്ട്. 

തുടർന്ന് റോസൻബർഗ് ചോദിക്കുന്നത്, ഈയടുത്ത് പൂർത്തിയായ, എൺപതു ശതമാനത്തിൽ അധികം വോട്ടുനൽകി ലുക്കാഷെങ്കോയെ വിജയിപ്പിച്ച തെരഞ്ഞെടുപ്പ് പ്രക്രിയ എത്രമാത്രം സുതാര്യമാണ് എന്നാണ്. എൺപതു ശതമാനം പോലെ കൃത്യമായ ഒരു വിജയമാർജിൻ ഉണ്ടായിരുന്നിട്ടും, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ പതിനായിരങ്ങൾ തെരുവിൽ ഇറങ്ങി, അട്ടിമറി ആരോപിച്ച് സമരം ചെയ്തത് എന്തിനായിരുന്നു എന്നും അദ്ദേഹം പ്രസിഡന്റിനോട് വെട്ടിത്തുറന്ന് ചോദിക്കുന്നുണ്ട്. അഭിമുഖകാരനും അദ്ദേഹത്തിന്റെ മേലധികാരികൾക്കും തലയ്ക്ക് വെളിവില്ല എന്നാണ് ആ ചോദ്യത്തോട് പ്രസിഡന്റ് പ്രതികരിക്കുന്നത്. ഓരോ തവണ തിരഞ്ഞെടുപ്പ്പ ഫലം വരുമ്പോഴും, പടിഞ്ഞാറൻ ശക്തികളുടെ ഫണ്ടിങ്ങോട് കൂടിയ ഇത്തരത്തിലുള്ള  പല സമരങ്ങളും നടക്കാറുണ്ട്. കഴിഞ്ഞ 25 കൊല്ലമായി അതൊക്കെ പതിവായി മിൻസ്‌ക് നഗരം കാണുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. 

അതിനിടക്ക് ഇടപെട്ടു സംസാരിച്ച ബിബിസി കറസ്പോണ്ടന്റിനോട് തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെങ്കിൽ അഭിമുഖം ആ നിമിഷം അവസാനിപ്പിക്കും എന്നും പ്രസിഡന്റ് ഭീഷണിയുടെ സ്വരത്തിൽ പറയുന്നുണ്ട്. എന്നാൽ അതേസമയം, 80 % എന്നത് സെൻട്രൽ ഇലക്ഷൻ കമ്മീഷൻ നൽകിയ കണക്കാണ് എന്നും, അതിൽ സംശയത്തിന് ഇടയില്ല എന്നുമുള്ള ഒഴുക്കൻ മട്ടിലുള്ള ഒരു മറുപടി മാത്രമാണ് അദ്ദേഹത്തിൽ നിന്നുണ്ടാവുന്നത്. പ്രതിഷേധങ്ങളുടെ പേരിൽ അറസ്റ്റു ചെയ്യപ്പെടുന്നവർ ഡിറ്റൻഷൻ സെന്ററുകളിൽ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നും അഭിമുഖകാരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനോട് പ്രസിഡന്റ് പ്രതികരിക്കുന്നത് ബെലാറസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ഗവൺമെന്റ് ഉന്മൂലനം ചെയ്തുകളയും എന്ന പരസ്യമായ മുന്നറിയിപ്പോടെയാണ്.

'270 എൻജിഒകളെ ബെലാറസ് നിരോധിച്ചില്ലേ? രാജ്യത്ത് 873 -ൽ പരം രാഷ്ട്രീയ തടവുകാരില്ലേ' എന്നൊക്കെ വീണ്ടും വീണ്ടും സ്റ്റീവ് എടുത്തെടുത്ത്  ചോദിക്കുമ്പോൾ, പ്രസിഡന്റിൽ നിന്നുണ്ടാവുന്ന ഒരേയൊരു മറുപടി,   അവരെ എല്ലാം ഗവണ്മെന്റ് അറസ്റ്റ് ചെയ്തിട്ടുള്ളത്, നിരോധിച്ചിട്ടുള്ളത് രാജ്യത്തെ നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് എന്ന് മാത്രമാണ്
രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഏതൊന്നിനോടും ഇതേ കാർക്കശ്യം ഇനിയും പ്രതീക്ഷിക്കാം എന്ന ഭീഷണിയാണ്. പ്രതിപക്ഷ നേതാവ് മരിയ കൊലെസ്നിക്കോവയെ 'പാശ്ചാത്യ സമൂഹത്തിന്റെ ഏജന്റ്' എന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ലുക്കാഷെങ്കോ അവരെ തടങ്കലിൽ ആക്കിയ നടപടിയെയും അഭിമുഖത്തിൽ ശക്തമായ ഭാഷയിൽ തന്നെ ന്യായീകരിക്കുകയാണുണ്ടായത്. 

Follow Us:
Download App:
  • android
  • ios