ബീജിംഗ്: കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ 70ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബീജിംഗില്‍ നക്ഷത്ര മത്സ്യത്തിന്‍റെ ആകൃതിയില്‍ നിര്‍മിച്ച വിമാനത്താവളം ബുധനാഴ്ച പ്രസിഡന്‍റ് ഷി ജിന്‍പിങ് ഉദ്ഘാടനം ചെയ്തു. ടിയാനെന്‍മെന്‍ സ്ക്വയറിന് 46 കിലോമീറ്റര്‍ അകലെയാണ് ബിജിംഗ് ഡാക്സിംഗ് വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. 2040ഓടെ മാത്രമേ വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകൂ. എട്ട് റണ്‍വേയാണ് ഒരുക്കുക. പ്രതിവര്‍ഷം 100 ദശലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

പഴയ വിമാനത്താവളത്തില്‍നിന്ന് സര്‍വീസുകള്‍ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റിത്തുടങ്ങി. ചൈനയുടെ സ്വപ്ന സാക്ഷാത്കാരം എന്നാണ് വിമാനത്താവളത്തെ പ്രസിഡന്‍റ് ഉദ്ഘാടന പരിപാടിയില്‍ വിശേഷിപ്പിച്ചത്. പുതിയ വിമാനത്താവളത്തിലേക്ക് സര്‍വീസ് ഉടന്‍ മാറ്റുമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു. മറ്റ് രാജ്യങ്ങളുടെ സര്‍വീസും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും.

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി ഡാക്സിംഗ് വിമാനത്താവളം മാറും. 173 ഏക്കറിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇറാഖി-ബ്രിട്ടീഷ് ആര്‍കിടെക്ട് സാഹ ഹദീദാണ് രൂപ കല്‍പന. അദ്ദേഹം വിമാനത്താവളം നിര്‍മാണത്തിലിരിക്കെ 2016ല്‍ മരിച്ചു. 17.5 ബില്യണ്‍ ഡോളറാണ് നിര്‍മാണ ചെലവ്.