പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇസ്രായേൽ ഇറാനിൽ അമേരിക്കൻ പിന്തുണയോടെ മിന്നലാക്രമണം നടത്തി. 'ഓപ്പറേഷൻ റോറിംഗ് ലയൺ' എന്ന് പേരിട്ട ഈ സൈനിക നടപടി, ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. 

ടെൽ അവീവ്/വാഷിംഗ്ടൺ: പശ്ചിമേഷ്യയെ പിടിച്ചുലച്ചുകൊണ്ട് ഇറാനിൽ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും പിന്നാലെ ഉണ്ടായ ഈ അപ്രതീക്ഷിത ആക്രമണം ഇറാനിലെ ആയത്തുള്ള ഖമേനി ഭരണകൂടത്തിന് അന്ത്യം കുറിക്കാനുള്ള നീക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നടിച്ചു. സ്ഫോടനശബ്‍ദങ്ങളാൽ ടെഹ്‌റാൻ നഗരം ഞെട്ടിവിറച്ചതിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ, ഇറാനിലെ ജനങ്ങൾ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടി തങ്ങളുടെ ഭാവി സ്വന്തം കൈകളിലെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഓപ്പറേഷൻ റോറിംഗ് ലയൺ (Operation Roaring Lion) എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ തങ്ങൾ വൻതോതിലുള്ള യുദ്ധനടപടികൾ ആരംഭിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഉറപ്പ് നൽകാതെ ചർച്ചകൾ കൊണ്ട് കാര്യമില്ലെന്നും, ഇറാനിലെ ജനങ്ങൾക്ക് ലഭിക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ അത്യാധുനിക ബി-2 ബോംബറുകളും യുദ്ധക്കപ്പലുകളും ആക്രമണത്തിൽ പങ്കുചേർന്നതോടെ ഇറാന്‍റെ മിസൈൽ പ്രഹരശേഷി ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.

അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഈ സംയുക്ത നീക്കം ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ ഭാവി സ്വന്തം കൈകളിലെടുക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് നെതന്യാഹു പറഞ്ഞു. ചരിത്രപരമായ നേതൃത്വം നൽകിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലോകത്തെ ഏറ്റവും അപകടകരമായ ഈ ഭീകര ഭരണകൂടത്തെ മാനവരാശിക്ക് ഭീഷണിയാകുന്ന രീതിയിൽ ആണവായുധങ്ങൾ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ ഇറാനുമായി നടന്ന 12 ദിവസത്തെ യുദ്ധസമയത്തും സമാനമായ രീതിയിൽ ഭരണകൂടത്തിനെതിരെ ഉയർത്തെഴുന്നേൽക്കാൻ നെതന്യാഹു ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇറാനിലെ ആണവ, മിസൈൽ കേന്ദ്രങ്ങൾ തകർക്കുക എന്നതിലുപരി അവിടുത്തെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥിതിയെ തന്നെ മാറ്റുക എന്ന ലക്ഷ്യമാണ് ഇസ്രായേലിനുള്ളതെന്ന് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നു. പശ്ചിമേഷ്യൻ മേഖലയിൽ ഈ നീക്കം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.