ജറുസലേം: കൊറോണ വൈറസ് ബാധ കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിനിടെ ജനങ്ങൾക്ക് ഉപദേശവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹസ്തദാനം നല്‍കുന്നത് ഒഴിവാക്കി ഇന്ത്യൻ രീതിയിൽ കൈകൂപ്പി നമസ്തേ പറഞ്ഞ് ആളുകളെ സ്വീകരണമെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു.

"കൈകള്‍ കൂപ്പി നമസ്‌തേയെന്നോ ജൂതര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്ന ശാലോമെന്നോ പറയാം. ഹസ്തദാനം നല്‍കാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം,"നെതന്യാഹു പറഞ്ഞു. കൊറോണ വൈറസ് അവലോകന യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യക്കാരെപ്പോലെ പരസ്പരം അഭിവാദ്യം ചെയ്യാന്‍ നെതന്യാഹു ആവശ്യപ്പെട്ടത്. കൊറോണയെ പ്രതിരോധിക്കാൻ വേണ്ട ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

നിലവിൽ 15 പേർക്ക് ഇസ്രായേലില്‍ കൊറോണ ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 7,000 പേര്‍ നിരീക്ഷണത്തിലാണ്. ഇവരോട് വീടിന് പുറത്തുപോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. 5,000 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കും രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

Read Also: കോവിഡ് 19: പരീക്ഷ കേന്ദ്രത്തില്‍ മാസ്ക് ധരിക്കാന്‍ സിബിഎസ്ഇ അനുമതി നല്‍കി