ഭൂട്ടാന്‍: ഐക്യരാഷ്ട്രസഭയില്‍വെച്ച് നടന്ന ഉന്നതതല മീറ്റിംഗിന് ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെത്തിയത് കാല്‍നടയായി. ഭൂട്ടാന്‍ പ്രധാനമന്ത്രിയായ ലോട്ടേ ഷെറിംഗും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘവുമാണ് യുഎന്‍ ഹെഡ്ക്വാട്ടേഴ്സിലേക്ക് കാല്‍ നടയായി എത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ഐക്യരാഷ്ട്രസഭയില്‍  ഭൂട്ടാനെ പ്രതിനിധീകരിച്ച് ഉന്നതതല മീറ്റിംഗിന് എത്തിയതായിരുന്നു പ്രധാനമന്ത്രി ലോട്ടേ ഷെറിംഗും പ്രതിനിധി സംഘവും. ആരോഗ്യവും കാലാവസ്ഥയും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. മറ്റ് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ എത്തിയപ്പോള്‍ കാല്‍ നടയായാണ് യുഎന്‍ ഹെഡ് ക്വാട്ടേഴ്സിലേക്ക് ഭൂട്ടാന്‍ പ്രധാനമന്ത്രി എത്തിയത്. 

'മീറ്റിംഗ് നടക്കുന്നയിടം നടന്നെത്താവുന്ന ദൂരത്തിലായിരുന്നു. ആരോഗ്യത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കായിരുന്നു ഞങ്ങളെത്തിയത്'. അത്തരത്തിലൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാനെത്തിയിട്ട് കാറില്‍ യാത്ര ചെയ്യുന്നത് വളരെ വിഷമകരമായി തോന്നിയതിനാലാണ് മീറ്റിംഗ് നടക്കുന്നിടത്തേക്ക് നടന്നു പോകാന്‍ തീരുമാനിച്ചതെന്നാണ് ഇതേക്കുറിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വില കൂടിയ വാഹനത്തില്‍ എത്തുമ്പോള്‍ കാല്‍ നടയായിഎത്തി മാതൃകയാകുകയാണ് ഭൂട്ടാന്‍ പ്രധാനമന്ത്രി.