ഭൂട്ടാനിലേക്ക് പോകുന്ന ഇന്ത്യൻ വിദേശസഞ്ചാരികളുടെ ചെലവ് ഇനിമുതൽ കാര്യമായിത്തന്നെ കൂടും. തിങ്കളാഴ്ച ഭൂട്ടാൻ പാർലമെന്റ് പാസാക്കിയിരിക്കുന്ന പുതിയ നിയമം പ്രകാരം ഇന്ത്യ, ബംഗ്ളാദേശ്, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഇനി ദിവസേന 1200 രൂപ വീതം നൽകിയാൽ മാത്രമേ ഭൂട്ടാനിലെ തങ്ങാനാകൂ. അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് ചാർജൊന്നുമില്ല. ആറുമുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് ദിവസേന 600 രൂപ ഇതേ ഫീസിനത്തിൽ ഒടുക്കേണ്ടി വരും. 

ഈ പുതിയ നിരക്കിനെ അവർ വിളിക്കുന്ന പേര്, 'സുസ്ഥിര വികസന' ഫീസ് എന്നാണ്. ജൂലൈ 2020 മുതൽക്കാണ് ഈ നിരക്കുകൾ ബാധകമാക്കാൻ പോകുന്നത്. വിദേശികളിൽ നിന്ന് ഭൂട്ടാൻ സർക്കാർ ഈടാക്കിക്കൊണ്ടിരുന്ന ദിനംപ്രതി 250 ഡോളർ അഥവാ 18,000 രൂപ എന്ന നിരക്ക് 65  ഡോളർ വരുന്ന 'സുസ്ഥിര വികസന' ഫീസും 40  ഡോളർ വരുന്ന വിസ പ്രോസസിംഗ് ചാർജ്ജും ഒക്കെ അടങ്ങുന്നതായിരുന്നു. ഇതൊന്നും ഇന്നുവരെ ഇന്ത്യക്കാർക്ക് ബാധകമായിരുന്നില്ല. ജൂലൈക്കുശേഷം ഭൂട്ടാനിലേക്കു വരുന്നവർക്ക് അവിടെ തങ്ങണം എന്നുണ്ടെങ്കിൽ ദിവസേന 1200 രൂപ ഫീസായി നൽകിയേ മതിയാകൂ. 

2018 -ലേതിനെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വമ്പിച്ച വർധനവാണ് ചെറിയൊരു തുക ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുമേൽ ചുമത്താൻ ഭൂട്ടാൻ സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പത്തുശതമാനം വർധനവാണ് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കാണാൻ കഴിഞ്ഞത്.